കൊല്ലം: ഗൾഫിൽ നിന്ന് മടങ്ങിയെത്തിയയാളെ പണം തട്ടാൻ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് വെറുതെ വിട്ടു. ഈസ്റ്റ് കല്ലട കൊടുവിള പുഷ്പമന്ദിരത്തിൽ ബേബി എന്ന് വിളിക്കുന്ന അലോഷ്യസിനെ കൊലപ്പെടുത്തിയെന്ന കേസിൽ കിഴക്കേകല്ലട ഉളിയാംവിള വീട്ടിൽ സുരേഷിനെയാണ് വെറുതെ വിട്ടത്.
2006 ജൂലായ് 18ന് രാത്രി 10 ഓടെയായിരുന്നു സംഭവം. കൊല്ലം ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഇങ്ങനെ, കൊച്ചുപിലാംമൂട്ടിൽ ഷാപ്പിൽ മദ്യപിച്ചിരുന്ന അലോഷ്യസിനെ സുരേഷും കൊച്ചുപ്ലാംമൂട്ടിൽ തെങ്ങുവിള വീട്ടിൽ ലാൽ സുരേഷും കൂടി രാത്രി 9.30 ഓടെ കുടുംബവീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി. മണ്ണെടുത്ത് രൂപപ്പെട്ട വൻ കുഴിക്ക് സമീപമെത്തിയപ്പോൾ അലോഷ്യസിന്റെ പോക്കറ്റിൽ നിന്ന് സുരേഷ് പണം തട്ടിയെടുക്കാൻ ശ്രമിച്ചു. അലോഷ്യസ് തടഞ്ഞതോടെ സുരേഷ് കൈയിൽ കരുതിയിരുന്ന കത്താൾ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അലോഷ്യസിന്റെ പഴ്സ് തട്ടിയെടുത്ത ശേഷം കുഴിയിൽ തള്ളിയിട്ടു.
കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് ഈസ്റ്റ് കല്ലട പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അലോഷ്യസിന്റെ ബന്ധുക്കൾ ഉൾപ്പെട്ട ആക്ഷൻ കൗൺസിലിന്റെ പ്രതിഷേധത്തെ തുടർന്ന് 2007ൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്താണ് പ്രതികളെ പിടികൂടിയത്. രണ്ടാം പ്രതി ലാൽ സുരേഷ് കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് മരിച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പ്രാക്കുളം വി.ജ്യോതിസാഗർ, കീർത്തന എസ്.ജ്യോതി, അമിത്ര മധുസൂദനൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |