ഇലന്തൂർ (പത്തനംതിട്ട) : വിമാനം കാണാതായെന്ന വിവരം അറിഞ്ഞപ്പോൾ തോമസ് ചെറിയാൻ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
യൂണിഫോമിലെ നെയിംബാഡ്ജും അതിലെ 7093526 എന്ന നമ്പരും കത്തിയ പേ ബുക്കിന്റെ അവശേഷിച്ച ഭാഗവുമാണ് ഇപ്പോൾ കിട്ടിയ മൃതദേഹം തിരിച്ചറിയാൻ സഹായകമായത്.
ബുക്കിൽ തോമസ് ചെറിയാൻ എന്ന് ഇംഗ്ളീഷിൽ എഴുതിയ പേരിൽ തോമസിനു ശേഷം സി എന്ന അക്ഷരം കഴിഞ്ഞുള്ള ഭാഗം കത്തിയ നിലയിലായിരുന്നു.
2003ൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയിരുന്നു. അപ്പോഴാണ് മരണം സ്ഥിരീകരിച്ച് സൈനിക കേന്ദ്രത്തിൽ നിന്ന് ഔദ്യോഗികമായി വീട്ടുകാർക്ക് അറിയിപ്പ് കിട്ടിയത്.
ഇലന്തൂർ പഞ്ചായത്തിലെ പ്രശസ്തമായ കുടുംബമാണ് തോമസ് ചെറിയാന്റെ ഒടാലിൽ വീട്. താഴയിൽ കുടുംബത്തിന്റെ ശാഖ. പിതാവ് ഒ.എം തോമസ് പതിനാറ് വർഷം ഇലന്തൂർ പഞ്ചായത്ത് മെമ്പറായിരുന്നു. തറവാട് വീട് പൊളിച്ചപ്പോൾ തോമസിന്റെ ഫോട്ടോ അടങ്ങിയ ആൽബം വീണ്ടെടുക്കാനാകാതെ നശിച്ചു. മറ്റ് നാല് സഹോദരങ്ങളുടെയും ചിത്രങ്ങളുണ്ട്. ഇന്നലെ കരസേന സെക്കന്തരാബാദ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന റിട്ട. ഉദ്യോഗസ്ഥൻ വാട്ട്സാപ്പ് വഴി തോമസിന്റെ ചിത്രം ബന്ധുക്കൾക്ക് അയച്ചുകൊടുത്തു.
കരസേനയുടെ സെക്കന്തരാബാദ് യൂണിറ്റിലാണ് ജോലിയിൽ പ്രവേശിച്ചത്.
മൃതദേഹം ചണ്ഡീഗഡിൽ എംബാം ചെയ്ത ശേഷം സൈനിക നടപടി പൂർത്തിയാക്കി തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിക്കും. പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, വില്ലേജ് ഓഫീസർ പി. വിജയകുമാർ, സൈനിക ബോർഡിലെ പത്തനംതിട്ട, തിരുവല്ല ഓഫീസുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്നലെ വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |