തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലുവർഷ ബിരുദകോഴ്സുകളിൽ അസി. പ്രൊഫസർമാരെ നിയമിക്കാനുള്ള ഇന്റർവ്യൂ ബോർഡിന്റെ ചെയർമാനായ ഡി.വൈ.എഫ്.ഐ നേതാവ് ജെ.എസ്. ഷിജുഖാനെ നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടേതാണ് പരാതി.
സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമാണ് ഷിജുഖാൻ. മുതിർന്ന വനിതാ പ്രൊഫസറെ ഒഴിവാക്കിയാണ് ഷിജുഖാനെ ചെയർമാനാക്കിയത്. ഇത് സി.പി.എം അനുഭാവികളെ നിയമിക്കാനാണെന്നാണ് ആരോപണം.
യു.ജി.സി ചട്ടപ്രകാരം പ്രൊഫസറായി 10 വർഷം പരിചയമുള്ളതോ വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം ചെയർമാൻ. സ്ഥിരം അദ്ധ്യാപകനിയമനത്തിന്റെ യോഗ്യതകളെല്ലാം കരാർ നിയമനത്തിനുമുണ്ട്. മുൻപ് പ്രോവൈസ്ചാൻസലറായിരുന്നു ചെയർമാൻ. ഇപ്പോൾ ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അനദ്ധ്യാപകരായ സിൻഡിക്കേറ്റംഗങ്ങൾ സമിതിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. ഷിജുഖാന് അദ്ധ്യാപന പരിചയമില്ല. എന്നാൽ വിദ്യാഭ്യാസ വിദഗ്‌ദ്ധൻ എന്ന നിലയിലാണ് സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തത്. ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.
അദ്ധ്യാപക നിയമനത്തിന് 500 അപേക്ഷകരുണ്ട്. നാല് വർഷം തുടരാനാവും. ഈ പരിചയം സ്ഥിരംനിയമനത്തിന് കണക്കിലെടുക്കും. നിലവിൽ 12 ഒഴിവാണുള്ളത്. നാല് വർഷത്തിനകം 50 ഒഴിവുകളുണ്ടാവും. പരീക്ഷാനടത്തിപ്പ്, ചോദ്യപേപ്പറുണ്ടാക്കൽ, ഇന്റേണൽമാർക്ക്, മൂല്യനിർണയം ചുമതലകളും ഇവർക്കാണ്.
വന്യജീവി വാരാഘോഷം ഇന്നു മുതൽ;
സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ അഡ്വ.പ്രമോദ് നാരായണൻ, അഡ്വ.സെബാസ്റ്ര്യൻ കുളത്തുങ്കൽ, അഡ്വ.കെ.യു.ജനീഷ് കുമാർ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, വനംമേധാവി ഗംഗാസിംഗ്, ജില്ലാ കളക്ടർ വി.വിഘ്നേശ്വരി, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ്ലൈഫ് വാർഡനുമായ പ്രമോദ് ജി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മാനവീയം വീഥിയിൽ 3 മുതൽ 8 വരെ 'കാനനകാന്തി" വനോത്പന്ന പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള നടക്കും. 3ന് വൈകിട്ട് 5ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ട്രൈബൽ ഫുഡ് ഫെസ്റ്റ് മന്ത്രി ഒ.ആർ.കേളുവും കൾച്ചറൽ ഫെസ്റ്റ് മന്ത്രി എം.ബി.രാജേഷും ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |