മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ ആശ്വസിപ്പിക്കാൻ സി.പി.എം പോളിയോഗം വൃന്ദാ കാരാട്ടെത്തി. ചെമ്പോത്തറയിൽ ദുരന്തബാധിതർ താമസിക്കുന്ന സ്ഥലത്തെത്തിയാണ് വൃന്ദ ദുരന്തബാധിതരെ കണ്ടത്. ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി ദുരന്തബാധിതരുടെ അടുത്തിരുന്ന് അവരുടെ പ്രശ്നങ്ങൾ കേട്ടു. തൊട്ടു തലോടിയും ആലിംഗനം ചെയ്തും കൂടെയുണ്ടെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം വൃന്ദയുടെ സന്ദർശനം ഏറെ ആത്മവിശ്വാസം കൈവരുന്നതായിരുന്നു. ദുരന്തബാധിതരായ 10 പേരുമായി ആശയവിനിമയം നടത്തി. അച്ഛനും സഹോദരിമാരും ഉൾപ്പെടെ കുടുംബത്തിൽ നാലുപേർ നഷ്ടമായ അവ്യക്തിനെയാണ് വൃന്ദാ ആദ്യം കണ്ടത്. കയ്യിൽ പ്ലാസ്റ്റർ ഇട്ട് കസേരയിൽ ഇരിക്കുകയായിരുന്നു അവ്യക്ത്തിന് അടുത്തേക്ക് വൃന്ദ എത്തുകയായിരുന്നു. എന്തുപറ്റിയെന്ന് ചോദിച്ച വൃന്ദ തലയിൽ തലോടി ആശ്വസിപ്പിച്ചു. അപ്പോഴാണ് തലയിലെ മുറിപ്പാടുകൾ ശ്രദ്ധിക്കുന്നത്. കൂടെയുള്ളവർ കുട്ടിയുടെ കാര്യങ്ങൾ വിവരിച്ചപ്പോൾ കണ്ണുനിറച്ചായിരുന്നു അടുത്ത ആളുടെ അടുത്തേക്ക് പോയത്. മൂന്ന് മക്കൾ ഉൾപ്പെടെ കുടുംബത്തിൽ അഞ്ച് പേർ നഷ്ടമായ അനീഷ് സൈന ദമ്പതികളെ ആശ്വസിപ്പിക്കാൻ വൃന്ദയ്ക്ക് വാക്കുകളില്ലായിരുന്നു. സയനയുടെ കൈപിടിച്ച് ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. വൃദ്ധയുടെ കൈപിടിച്ച് സൈന പൊട്ടിക്കരഞ്ഞു. കുടുംബത്തിലെ എല്ലാവരും നഷ്ടമായ സിദ്രത്തുൽ മുൻതഹാ, ഉപ്പയും കുടുംബത്തിലെ മറ്റുള്ളവരും നഷ്ടമായ നൈസ എന്ന കുഞ്ഞിനെയും വൃന്ദ കണ്ടു. കവിളിൽ ഉമ്മവെച്ചും തൊട്ടു തലോടിയും ആശ്വസിപ്പിച്ചു. ഇത്തരത്തിൽ 10 പേരുമായി വൃന്ദ സംസാരിച്ചു. ഓരോ ആളുകളുടെയും പ്രശ്നങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു. പ്രശ്നങ്ങളെല്ലാം കേന്ദ്ര കേരള സർക്കാറുകൾക്ക് മുൻപിൽ സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ലഭിക്കാത്തതടക്കമുള്ള പരാതികളാണ് ദുരന്തബാധിതർ മുന്നോട്ടുവച്ചത്. രണ്ടു മണിക്കൂർ നേരമാണ് വൃന്ദ ദുരന്തബാധിതർക്കൊപ്പം ചെലവഴിച്ചത്. മുൻമന്ത്രി പി.കെ ശ്രീമതി, സി.എസ് സുജാത, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എം.എൽ.എ, സി.കെ ശശീന്ദ്രൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |