കോഴിക്കോട്: കോഴിക്കോട് താമസിക്കുന്ന ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്ടറിൽ നിന്ന് നാല് കോടി രൂപ തട്ടിച്ച പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുനിൽ ദംഗി (48), കൂട്ടുപ്രതി ശീതൾ കുമാർ മേഹ്ത്ത (28) എന്നിവരെയാണ് രാജസ്ഥാനിലെ ബഡി സാദരിയിൽ നിന്ന് കോഴിക്കോട് സൈബർ പൊലീസ് സെപ്തംബർ 28ന് പിടികൂടിയത്. കോഴിക്കോട്ടെത്തിച്ച പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി. വാട്സ്ആപ്പിലും ഫോണിലും ബന്ധപ്പെട്ടാണ് പ്രതികൾ പണം തട്ടിയത്.
കഴിഞ്ഞ ജനുവരി 31നാണ് രാജസ്ഥാൻ ദുർഗാപൂർ സ്വദേശി അമിത് എന്നു പരിചയപ്പെടുത്തിയ ആൾ ഡോക്ടറെ ഫോൺ വിളിച്ചത്. ഡോക്ടറുടെ സമുദായംഗമാണെന്നും ചായപ്പൊടി വില്പനയാണ് ജോലിയെന്നും പറഞ്ഞു. തുടർന്ന് ഡോക്ടറുമായി സൗഹൃദത്തിലായി. തുടർന്ന് കൊവിഡിൽ ജോലി നഷ്ടപ്പെട്ടു, ഭാര്യയും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞാണ് പണം തട്ടിച്ചത്. വിശ്വസിക്കാനായി വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും ഡോക്ടർക്കയച്ചു.
ഭാര്യയുടെ പ്രസവത്തിന് 5,000 രൂപ അയയ്ക്കാനാണ് ആദ്യം ആശ്യപ്പെട്ടത്. പിന്നീട് കുടുംബ പ്രശ്നം ചൂണ്ടിക്കാട്ടി ജനുവരി മുതൽ സെപ്തംബർ 23 വരെ പല തവണകളിലായി 4,08,80,457 രൂപ തട്ടിച്ചു. അമിത് നൽകിയ ക്യു ആർ കോഡ് വഴിയാണ് പണം നൽകിയത്. പണം മടക്കി ചോദിച്ചപ്പോൾ കുടുംബസ്വത്ത് വിറ്റ് നൽകാമെന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ സ്വത്ത് വില്പനയുമായി ബന്ധപ്പെട്ട് കലാപമുണ്ടായെന്ന് പിന്നീടറിയിച്ചു. സഹോദരി ആത്മഹത്യ ചെയ്തെന്നും കൊലപാതകമുൾപ്പെടെ നടന്നെന്നും കേസിൽ പരാതിക്കാരനുൾപ്പെടെ പ്രതിയാകുമെന്നും അറിയിച്ചു. വിശ്വസിപ്പിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഒരാൾ പരാതിക്കാരനെ വിളിച്ചു. കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ കൂടുതൽ പണം വേണമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് പരാതിക്കാരൻ സെപ്തംബറിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയത്.
പ്രതികൾ തട്ടിച്ച പണം രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓൺലൈൻ ഗെയിമിംഗ് സൈറ്റുകളിലും ചെലവഴിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പൊലീസ് കണ്ടെത്തി. മൊബൈലുകളിൽ നിന്ന് പരാതിക്കാരനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ്കളുടെയും ബാങ്ക് ഇടപാടുകളുടെയും വിവരം ലഭിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അങ്കിത് സിംഗിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |