കരുനാഗപ്പള്ളി: ബംഗളൂരു കേന്ദ്രീകരിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എയും മയക്കുമരുന്നും കടത്തുന്ന താൻസാനിയക്കാരൻ ഉൾപ്പടെ രണ്ടുപേരെ ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. താൻസാനിയ സ്വദേശി ഇസ്സാ അബ്ദുൽ നാസർ (29), കരുനാഗപ്പള്ളി മരു. നോർത്ത് സൂര്യാ ഭവനിൽ സുജിത്ത് (24) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്രിൽ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എയുമായി ആലുംകടവിലുള്ള രാഹുൽ (24) പിടിയിലായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ സംസ്ഥാനത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ നേതൃത്വം നൽകുന്ന താൻസാനിയ സ്വദേശിയെ കുറിച്ചും ജില്ലയിലെ ഇയാളുടെ സഹായിയായ സുജിത്തിനെ കുറിച്ചും വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ച് ബംഗളൂരുവിലേക്ക് അയച്ചു. പ്രതികളുടെ കൃത്യമായ മൊബൈൽ ലൊക്കേഷൻ ലഭിച്ചില്ലെങ്കിലും ഇവരുടെ ഓൺലൈൻ ഇടപാടുകൾ നിരീക്ഷിച്ച് ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തി. എന്നാൽ മുറിയിൽ കയറി അക്രമവാസനയുള്ള പ്രതികളെ കീഴ്‌പ്പെടുത്തുന്നത് ദുഷ്കരമായതിനാൽ ഇവർ പുറത്തിറങ്ങുന്നതുവരെ കാത്തുനിന്ന് സഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി.ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ, എസ്.സി.പി.ഒ ഹാഷിം, രാജീവ് കുമാർ, രതീഷ്, വിനോദ്, സി.പി.ഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |