തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ ശ്വാസംമുട്ടിയുള്ള യാത്രയുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ ഇടപെടൽ. ഏഴു മുതൽ കൊല്ലം- എറണാകുളം മെമു സർവീസ് നടത്താനാണ് തീരുമാനം. ഉത്തരവ് ഇന്നിറങ്ങിയേക്കും.
കായംകുളം - കോട്ടയം, കോട്ടയം - എറണാകുളം റൂട്ടിലാണ് ട്രെയിൻ യാത്രക്കാരുടെ തിരക്ക് കൂടുതൽ. ഇതിന് പരിഹാരമായി പുനലൂർ- കോട്ടയം, കൊല്ലം - എറണാകുളം റൂട്ടുകളിൽ മെമു സർവീസുകളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരെണ്ണം ഉടൻ നടപ്പാക്കാനാണ് നീക്കം.
തൂത്തുക്കുടിയിൽ നിന്നുവരുന്ന പാലരുവി കൊല്ലത്ത് എത്തുന്നത് പുലർച്ചെ 4.50നാണ്. നേരത്തെ പുനലൂരിൽ നിന്ന് തുടങ്ങി പാലക്കാട് വരെ പോയിരുന്ന പാലരുവി തൂത്തുക്കുടിയിലേക്ക് നീട്ടിയതോടെയാണ് ഇതിൽ തിരക്ക് വർദ്ധിച്ചത്. പാലരുവി കോട്ടയത്ത് 6.58ന് എത്തുമ്പോൾ യാത്രികർക്ക് കയറാൻ കഴിയാത്തവിധം തിരക്കായിരിക്കും. വേണാടാണ് വടക്കോട്ടുള്ള അടുത്ത ട്രയിൻ. അത് 6.40ന് കൊല്ലത്ത് എത്തും. പാലരുവിയിൽ കയറാത്തവരും പതിവ് യാത്രക്കാരും ചേരുമ്പോൾ കോട്ടയത്ത് 8.30ന് എത്തുന്ന വേണാടിലും വൻ തിരക്കായിരിക്കും. ഇത് പരിഗണിച്ചാണ് പാലരുവിക്കും വേണാടിനും ഇടയിൽ മെമു സർവീസ് എറണാകുളത്തേക്ക് നടത്താനുള്ള തീരുമാനം. രാവിലെ 6നാണ് വന്ദേഭാരത് കൊല്ലത്ത് എത്തുന്നത്. അതുകൂടി കണക്കിലെടുത്തായിരിക്കും മെമുവിന്റെ ടൈംടേബിൾ. എറണാകുളം സൗത്ത് സ്റ്റേഷനിലേക്കായിരിക്കും മെമു എത്തുക. നേരത്തെ സൗത്തിൽ കയറിയിരുന്ന വേണാട് ഇപ്പോൾ നോർത്ത് സ്റ്റേഷൻ വഴിയാണ് പോകുന്നത്. അതോടെ സൗത്തിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
റെയിൽവേയ്ക്ക് തലവേദന
മെമു സർവീസുകളുടെ എണ്ണം കൂട്ടുന്നത് റെയിൽവേയ്ക്ക് തലവേദനയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എട്ട് ട്രെയിനുകളാണ് എത്തുക. പ്ളാറ്റ് ഫോം ലഭ്യമായിട്ടുള്ളത് ആറെണ്ണം മാത്രവും. കേരളത്തിൽ മെമു റേക്കുകൾ സർവീസ് ചെയ്യുന്നതിന് കൊല്ലത്ത് മാത്രമേ സൗകര്യമുള്ളൂവെന്നതും പരിമിതിയാണ്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിൽ കൊല്ലം കോർപ്പറേഷൻ തടസം നിൽക്കുന്നതിനാൽ മെമു സർവീസ് സെന്റർ നിർമ്മാണം നിലച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |