കൊച്ചി: പശ്ചിമേഷ്യ സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയിൽ ആഗോള വ്യാപകമായി ഓഹരി വിപണികൾ തകർന്നടിഞ്ഞു. ഇന്ത്യയിലെ മുഖ്യ സൂചികകളായ സെൻസെക്സ് 1,769 പോയിന്റ് ഇടിഞ്ഞ് 82,487.10ലും നിഫ്റ്റി 546.8 പോയിന്റ് തകർച്ചയോടെ 25,250.10ലും അവസാനിച്ചു. ഇറാനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികളിൽ നിന്ന് പിന്മാറി. ക്രൂഡോയിൽ വിലയിലുണ്ടായ കുതിപ്പും വിപണിയെ ആശങ്കയിലാക്കി. എണ്ണ വിലയിലെ വർദ്ധന നാണയപ്പെരുപ്പം ശക്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.
ബി.പി.സി.എൽ, ശ്രീറാം ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുക്കി, ഐഷർ മോട്ടോർസ്, ബജാജ് ഫിനാൻസ് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ഉലച്ചത്
ഇസ്രയേൽ-ഇറാൻ സംഘർഷം
എണ്ണ വില വർദ്ധന
ഡെറീവേറ്റീവ് വ്യാപാര നിയമം സെബി ശക്തമാക്കിയത്
ചൈനയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു
ക്രൂഡോയിൽ വില 75 ഡോളർ കടന്നു
യുദ്ധം കൊടുമ്പിരികോണ്ടതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. ഇറാനിലെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചാൽ വില ഇനിയും കുതിച്ചുയരും. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനിലെ സംഘർഷം ആഗോള മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.
രൂപ റെക്കാഡ് താഴ്ചയിലേക്ക്
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയ്ക്ക് അടുത്തെത്തി. ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ 14 പൈസയുടെ നഷ്ടത്തോടെ രൂപയുടെ മൂല്യം 83.96ൽ എത്തി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 83.98ലേക്ക് ചെറിയ ദൂരമാണുള്ളത്.
റെക്കാഡ് പുതുക്കി പവൻ@56,880 രൂപ
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളാൽ സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതോടെ രാജ്യാന്തര വിപണിയിൽ വില കുതിച്ചുയർന്നു. ഇതോടെ കേരളത്തിൽ പവൻ വില 80 രൂപ വർദ്ധിച്ച് 56,880 രൂപയെന്ന പുതിയ റെക്കാഡിട്ടു. ഗ്രാമിന്റെ വില പത്ത് രൂപ ഉയർന്ന് 7,110 രൂപയിലെത്തി. എന്നാൽ അമേരിക്ക വീണ്ടും പലിശ കുറയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില താഴ്ന്നേക്കും.
ഓഹരികൾ ഇടിയുന്നു
സെൻസക്‌സ് 1,769.69 പോയിന്റ് നഷ്ടത്താേടെ 82,497.1
നിഫ്റ്റി 546.8 പോയിന്റ് ഇടിഞ്ഞ് 25,250.10
രൂപ
14 പൈസ നഷ്ടത്താേടെ 83.96
സ്വർണം
പവൻ 80 രൂപ കൂടി 56,880 രൂപ
നിക്ഷേപകരുടെ ആസ്തിയിൽ പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |