തിരുവനന്തപുരം: ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിലെ മലപ്പുറം വിരുദ്ധ പരാമർശം സർക്കാരിനെ വെട്ടിലാക്കിയിട്ടും കൃത്യമായ മറുപടിയില്ലാതെ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
താനോ സർക്കാരോ പി.ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞൊഴിയാനായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ശ്രമം. ഒരു പൈസയും ഏജൻസിക്കായി ചെലവഴിച്ചിട്ടില്ലെന്നും പറഞ്ഞു. പക്ഷേ, പറയാത്തത് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയും അതിന് പ്രേരിപ്പിച്ച പി.ആർ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി. മാദ്ധ്യമങ്ങൾ എത്ര ശ്രമിച്ചാലും ഡാമേജാകുന്ന വ്യക്തിത്വമല്ല തന്റേതെന്നു പറഞ്ഞ മുഖ്യമന്ത്രി, മൈക്ക് ഓഫ് ചെയ്ത് വാർത്താസമ്മേളനം അവസാനിപ്പിച്ചു.
ദ ഹിന്ദു അഭിമുഖം ആവശ്യപ്പെട്ടെന്ന് ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചെറുപ്പം മുതൽ രാഷ്ട്രീയമായി കൂടെ നിൽക്കുന്നയാളായതിനാൽ സമ്മതിച്ചു. പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഞാൻ പറയാത്ത ഭാഗമുണ്ടായി. ഏതെങ്കിലും ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്നരീതി എനിക്കില്ല.
പറയാത്ത കാര്യം കൊടുക്കാൻ പാടില്ല. അതുകൊണ്ടാണ് പത്രം ഖേദം രേഖപ്പെടുത്തിയത്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഫോണിൽ റെക്കാഡ് ചെയ്തതാണ്. അതേസമയം ഈ പറയുന്ന കാര്യം ലേഖിക സുബ്രഹ്മണ്യനിൽ നിന്ന് വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. കെയ്സനെപ്പറ്റി അറിയില്ല. ദേവകുമാറിന്റെ മകൻ പിന്നീട് ബന്ധപ്പെട്ടിട്ടില്ല. ഒരു ഏജൻസിയെയും വന്നയാളെയും അറിയില്ല.
അഭിമുഖത്തിനിടെ ഒരാൾ കൂടി കടന്നുവന്നു. ലേഖികയ്ക്കൊപ്പം വന്നയാളെന്നാണ് കരുതിയത്. പിന്നെയാണ് പറയുന്നത് ഏജൻസിയുടെ ആളാണെന്ന്. മാദ്ധ്യമപ്രവർത്തകർക്കൊപ്പം ഒന്നോ രണ്ടോ പേർ വരുന്നത് സ്വാഭാവികം.
ഗൾഫിൽ ഏജൻസിക്ക് അഭിമുഖം
ഗൾഫിലുള്ള പല ഏജൻസികളും തന്നിൽ നിന്ന് അഭിമുഖമെടുക്കാറുണ്ട്. ഏതാ, എന്തായെന്ന് കൃത്യമായി പറയാനാവില്ല.( ഖലീജ് ടൈംസിലെ അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു മറുപടി)
ഉത്തരം മുട്ടിയ
ചോദ്യങ്ങൾ
1 പി.ആർ ഏജൻസി അഭിമുഖത്തിന് അങ്ങോട്ട് സമീപിച്ചു എന്നാണല്ലോ ദ ഹിന്ദു പറയുന്നത്?
2 അഭിമുഖത്തിനിടെ മൂന്നാമതൊരാൾ മുറിയിൽ വരുന്നതിന് അങ്ങ് അനുമതി നൽകാറുണ്ടോ?
3 പറയാത്ത കാര്യം എഴുതി നൽകിയതിന് സുബ്രഹ്മണ്യത്തോട് വിശദീകരണം തേടുമോ?
4 സുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമോ?
5 പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിന് പത്രത്തിന്റെ പേരിൽ കേസെടുക്കുമോ?
ഇടപെട്ട് ഗവർണർ
മലപ്പുറത്തെ സ്വർണം, ഹവാലപ്പണം കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെന്ന മുഖ്യമന്ത്രിയുടെ അഭിമുഖ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. ആരാണിതിന് പിന്നിലെന്നും എന്തു നടപടിയെടുത്തെന്നും രണ്ടു ദിവസത്തിനകം സർക്കാർ അറിയിക്കണം.
അജിത് സേഫ്, സി.പി.ഐ എയറിൽ
പൂരം കലക്കലുൾപ്പെടെ ആരോപണത്തിൽ മുങ്ങിയ എ.ഡി.ജി.പി അജിത്കുമാറിനെ നീക്കാതെ സി.പി.ഐയെ വെട്ടിലാക്കുകയും ചെയ്തു മുഖ്യമന്ത്രി. പൂരം കലക്കലിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. അജിത്തിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് മേധാവി ഇതേ കാര്യം വീണ്ടും അന്വേഷിക്കുമെന്ന വിരോധാഭാസവുമുണ്ട്. ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവിമാരുടേതാണ് മറ്റ് അന്വേഷണങ്ങൾ. ഇതിന്റെയൊക്കെ റിപ്പോർട്ട് വന്നിട്ടേ അജിത്തിനെതിരെ നടപടിയുണ്ടാകൂ. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഇന്നലെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനമുയർന്നു. ആർ.എസ്.എസ് നേതാക്കളെ കണ്ട എ.ഡി.ജി.പി തുടരുന്നത് മുന്നണിക്ക് നാണക്കേടാണ്. ഇതിനു കാരണം നേതൃത്വത്തിന്റെ കഴിവുകേടെന്നായിരുന്നു ആക്ഷേപം. ഡി.ജി.പിയുടെ വിശദ റിപ്പോർട്ട് ലഭിക്കുമ്പോൾ അജിത്തിനെ മാറ്റുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് ബിനോയ് വിശ്വം മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |