കൽപ്പറ്റ: നെല്ല് കുത്ത് പാട്ടിന്റെയും വട്ടക്കളിയുടെയും താളത്തിൽ എൻ ഊര് ഗോത്ര പൈതൃകഗ്രാമം ഉണർന്നു. മഴക്കാലത്തിന്റയും ദുരന്തനാളുകളെയും അതിജീവിച്ച് വീണ്ടും ഉണരുന്ന വയനാടൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെയും വരവ് തുടങ്ങി. വയനാടൻ ടൂറിസം കേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തിനായി ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൗൺസിലും ജലസേചന വകുപ്പും ചേർന്ന് നടത്തുന്ന വയനാട് ഉത്സവ് മഹോത്സവവും ശ്രദ്ധയാകർഷിക്കുകയാണ്. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിൽ വൈവിധ്യമായ പരിപാടികളാണ് വയനാട് ഉത്സവിന്റെ ഭാഗമായി അരങ്ങേറുന്നത്. കർഷകനാടിന്റെ ഗതകാലങ്ങളിൽ നിറഞ്ഞുനിന്ന നെല്ലുകുത്തുപാട്ട് പുതിയ തലമുറകൾക്കും പുതുമയുള്ള അനുഭവമാണ്. പാരമ്പരാഗത കുറിച്യതറവാടുകളിൽ നാടൻ പാട്ടിന്റെ ഈണത്തിൽ നിലഉരലുകളിൽ നെല്ല് കുത്തി അരിയാക്കുമായിരുന്നു. വടക്കൻ പാട്ടിന്റെ ഈരടികളിൽ നിരവധിയായ നെല്ല് കുത്ത് പാട്ടുകളുടെയും നിധി സൂക്ഷിപ്പുകാരായിരുന്നു മുതിർന്ന തലമുറകൾ. ഈ പഴയ കാലത്തിലൂടെയുള്ള യാത്ര കൂടിയാണ് എൻ ഊര് പങ്കുവെക്കുന്നത്. എൻ ഊരിൽ വൈകീട്ട് 4 മുതൽ ആറ് വരെ പനമരം തെയ്യാട്ടം നാടൻപാട്ടുകലാസംഘത്തിന്റെ നാടൻപാട്ടും നാടോടിനൃത്തവും അരങ്ങേറും. രാവിലെ 10 മുതൽ വൈകീട്ട് 7 വരെ തുടികൊട്ടൽ, വട്ടക്കളി, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ അരങ്ങേറും. വംശീയ ഭക്ഷണമേളയും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു.
എൻ ഊരിലെ നെല്ല്കുത്ത് പാട്ട്
ഉത്സവ നിറവിൽ കാരാപ്പുഴ
കൽപ്പറ്റ: കാരാപ്പുഴയും ഉത്സവ നിറവിലാണ്. പിന്നണി ഗായിക നക്ഷത്ര സന്തോഷിന്റെ ഗാന വിരുന്നോടെയാണ് ഡാം ഗാർഡനിലെ ആംഫി തിയറ്ററിൽ സജ്ജീകരിച്ച വേദിയിൽ 12 നാൾ നീളുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഉത്തരേന്ത്യൻ കലാരൂപമായ ദാണ്ടിയ നൃത്തവും ഗാനമേളയും അരങ്ങേറി. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ജി സജീവൻ, മേരി സിറിയക്ക്, ടി.എം.സി അംഗങ്ങളായ പി. ഗഗാറിൻ, കെ.ജെ ദേവസ്യ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ടി.എം.സി കൺവീനർ കൂടിയായ എക്സിക്യൂട്ടീവ് എൻജിനീയർ വി. സന്ദീപ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഹാരിസ് കരീം എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് ദേശിയ അന്തർദേശിയ വേദികളിൽ വയലിൻ സംഗീതാവിഷ്‌ക്കരണം നടത്തിയിട്ടുള്ള സി എം ആദിയുടെ വയലിൻ പെർഫോമൻസും ബത്തേരി തുടിതാളത്തിന്റെനടൻ പാട്ടും അരങ്ങേറും. ദസറ കണക്കിലെടുത്ത് വിനോദ സഞ്ചാരികളെ ആകാർഷിന്നതിനും പരിപാടി കൂടുതൽ വർണ്ണാഭമാക്കുന്നതിനും നവനിറങ്ങളെ ആധാരമാക്കി ഇനിയുള്ള ഓരോ ദിവസവും വ്യത്യസ്ത വർണ്ണങ്ങളിൽ പ്രവേശനകവാടം ഒരുക്കും. പരിപാടിയുടെ മൂന്നാം നാളായ ഇന്ന് ഹരിത നിറത്തിലാവും പ്രവേശന കവാടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |