സാഗ്രെബ് : ലോകത്തെ ഏറ്റവും ഭാഗ്യശാലിയായ മനുഷ്യൻ ആരാണ് ? ഫ്രാനോ സെലാക് എന്ന ക്രൊയേഷ്യക്കാരൻ.! സിനിമാ തിരക്കഥകളെ വെല്ലുന്ന ഫ്രാനോയുടെ അനുഭവങ്ങൾ വിശ്വസിക്കാൻ കേൾക്കുന്നവർ തയ്യാറാകില്ല. ഏഴ് തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഫ്രാനോയ്ക്ക് ഒടുവിൽ ലോട്ടറി അടിക്കുകയും ചെയ്തു .! യാഥാർത്ഥ്യം നാം കരുതുന്നതിനേക്കാൾ വിചിത്രവും അവിശ്വസനീയവും ആകാമെന്നാണ് ഫ്രാനോ മുമ്പ് പറഞ്ഞത്. 1929ലാണ് ഫ്രാനോയുടെ ജനനം. സംഗീത അദ്ധ്യാപകനായിരുന്നു. സാധാരണ ജീവിതമാണ് അദ്ദേഹം നയിച്ചത്.
1962ലാണ് സംഭവങ്ങളുടെ തുടക്കം. ഫ്രാനോ സഞ്ചരിച്ചിരുന്ന ട്രെയിൻ പാളം തെറ്റി നദിയിലേക്ക് വീണു. 17 പേർ മരിച്ചു. ആരോ മുങ്ങിത്താഴ്ന്ന അദ്ദേഹത്തെ രക്ഷിച്ചു. 1963ൽ അദ്ദേഹം യാത്ര ചെയ്ത വിമാനവും അപകടത്തിൽപ്പെട്ടു. 19 പേർ മരിച്ചെങ്കിലും വിമാനത്തിൽ നിന്ന് താഴെ വൈക്കോൽ കൂനയിലേക്ക് തെറിച്ചു വീണതിനാൽ ഫ്രാനോ കഷ്ടിച്ച് രക്ഷപ്പെട്ടു.
1966ൽ ഫ്രാനോ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. 4 പേർ മരിച്ചു. അപകടത്തിൽ നിന്ന് അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ അവിടം കൊണ്ട് തീർന്നില്ല. 1970ലും 1973ലും ഫ്രാനോ സഞ്ചരിച്ച കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു. രണ്ട് സംഭവങ്ങളിലും തലനാരിഴെ രക്ഷപ്പെട്ടു. 1995ൽ ഒരു ബസ് അദ്ദേഹത്തെ ഇടിച്ചു. നിസാര പരിക്കോടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തി.
അടുത്ത വർഷം ഫ്രാനോയുടെ കാർ നിയന്ത്രണം തെറ്റി കുന്നിൽ നിന്ന് താഴേക്ക് വീണു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച ഫ്രാനോ ഒരു മരത്തിൽ കുടുങ്ങി രക്ഷപ്പെട്ടു. ഫ്രാനോയ്ക്ക് മുന്നിൽ മരണം തോറ്റതിന് പിന്നാലെ 73 -ാം പിറന്നാൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം ഡോളർ ലോട്ടറിയും ( 8,36,77,100 രൂപ ) അടിച്ചു. അദ്ദേഹം ഈ തുക തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നൽകി. ലോട്ടറിയടിച്ച തുക കൊണ്ട് ഒരു ആഡംബര വീടും വാങ്ങി.
എന്നാൽ 2010ൽ വീട് വിറ്റ അദ്ദേഹം പഴയ പോലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ശേഷിച്ച ലോട്ടറി തുക ഫ്രാനോ തന്റെ ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചു. അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതിന്റെ നന്ദി സൂചകമായി ഒരു ആരാധനാലയത്തിന് സംഭാവനയും നൽകി. 2016ൽ അദ്ദേഹം അന്തരിച്ചു. അതേ സമയം, മരണത്തിൽ നിന്ന് രക്ഷപ്പെട്ടെന്നുള്ള ഫ്രാനോയുടെ വാദങ്ങൾ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഫ്രാനോ പറയുന്നത് പോലെ ക്രൊയേഷ്യയിൽ വിമാന, ട്രെയിൻ അപകടങ്ങൾ ഉണ്ടായതിന്റെ രേഖകളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |