കൊടുങ്ങല്ലൂർ : വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോൾ, മാരകരോഗങ്ങൾ സൃഷ്ടിക്കുന്ന വ്യാജ വെളിച്ചെണ്ണ വ്യാപകം. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളടങ്ങിയ വ്യാജ വെളിച്ചെണ്ണ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയാത്തതാണ് വിൽപ്പന വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപം.
അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന വ്യാജ വെളിച്ചെണ്ണ വിലക്കുറവിലാണ് കേരളത്തിലെത്തുന്നത്. നല്ലയിനം വെളിച്ചെണ്ണയുടെ വിലയിലാണ് പലയിടങ്ങളിലും വിൽപ്പന. കോട്ടപ്പുറം മാർക്കറ്റാണ് വ്യാജ വെളിച്ചെണ്ണയുടെ പ്രധാന വിപണന കേന്ദ്രം. ഒരു കാലത്ത് വെളിച്ചെണ്ണ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം മാർക്കറ്റ്. പത്തോളം വെളിച്ചെണ്ണ മില്ലും കൊപ്ര സംഭരണകേന്ദ്രങ്ങളുമുണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കും മറ്റും വെളിച്ചെണ്ണ കയറ്റി അയച്ചിരുന്നു. ഇപ്പോൾ പുറത്തു നിന്നും വരുന്ന വ്യാജ വെളിച്ചെണ്ണയുടെ കലവറയാണ് മാർക്കറ്റ്. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് കോട്ടപ്പുറം മാർക്കറ്റ് പ്രവർത്തിക്കുന്നത്.
മാരക രോഗഹേതു
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ അഞ്ചിന് മുമ്പായി വ്യാജ വെളിച്ചെണ്ണ കടകളിലെത്തും. സാധാരണ വെളിച്ചെണ്ണ ചില്ലറ വില ഇപ്പോൾ കിലോഗ്രാം 218 രൂപയാണ്. അതേ വിലയ്ക്കാണ് വ്യാജനും വിൽക്കുന്നത്. പെട്രോളിയം ഉൽപ്പന്നമായ ഹെക്‌സേൻ എന്ന കെമിക്കലാണ് വെളിച്ചെണ്ണയിൽ ചേർക്കുക. ഹെക്‌സേൻ ചേർക്കുമ്പോൾ വെളിച്ചെണ്ണ കറുക്കും. സാധാരണ നിറമാക്കാൻ ബ്ലീച്ചിംഗ് ഏജന്റും ചേർക്കും.
കാത്തിരിക്കുന്നത്
മറവി രോഗം
തലവേദന
മൈഗ്രേൻ
ഹൃദ്രോഗം
സ്‌ട്രോക് പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ
മായം കണ്ടെത്താം
ചില്ലു ഗ്‌ളാസിൽ വെളിച്ചെണ്ണ അരമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശുദ്ധമാണെങ്കിൽ കട്ടയാകും. നിറമുണ്ടാകില്ല. മറ്റ് എണ്ണകളെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പുനിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. വെണ്ണ ചേർത്താൽ നിറം ചുവപ്പായാൽ കെമിക്കൽ/പെട്രോളിയം മായത്തിന് തെളിവാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |