തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം കളവാണെന്നും എല്ലാം അദ്ദേഹത്തിന്റെ ഓഫീസിന്റെ അറിവോടെയാണെന്നുമുള്ള വിവരം പുറത്ത്. അഭിമുഖം നൽകാൻ ഇടപെട്ടത് സിപിഎം നേതാവ് ദേവകുമാറിന്റെ മകൻ സുബ്രഹ്‌മണ്യൻ മാത്രമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ വ്യക്തമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.
ഇന്റർവ്യൂവിന് തീയതിയടക്കം നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം അനുസരിച്ചാണ്. മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ചാണ് അഭിമുഖമെന്ന് പി.ആർ ഏജൻസിയുടെ വിവരങ്ങളിൽ നിന്നും മനസിലാക്കാം. സുബ്രഹ്‌മണ്യൻ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രി ഇരുന്നുകൊടുത്തതല്ല. പകരം സിപിഎം കേന്ദ്ര കമ്മിറ്റിക്കായി ഡൽഹിയിൽ എത്തുമ്പോൾ മുഖ്യമന്ത്രിയുമായി ഇന്റർവ്യു ആകാമെന്ന് ഓഫീസിൽ നിന്നും അറിയിച്ചതാണ്. ഇത് മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും വ്യക്തമായ അറിവോടെയാണെന്നാണ് സൂചന. മറ്റ് മാദ്ധ്യമങ്ങൾക്കും ഡൽഹിയിൽ വച്ച് തന്നെ അഭിമുഖം നൽകാമെന്ന് ഓഫീസ് അറിയിച്ചിരുന്നു.
അഭിമുഖത്തിനിടെ ഒരാൾ കൂടി അവിടേക്ക് കയറിവന്നതാണെന്നും ലേഖികയ്‌ക്കൊപ്പം വന്നയാളാണെന്നാണ് കരുതിയതെന്നുമാണ് ഇന്നലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പി.ആർ കമ്പനി കെയ്‌സനെക്കുറിച്ച് അറിയില്ലെന്നും ഒരു ഏജൻസിയെയും വന്നയാളെയും അറിയില്ലെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |