ഇന്ത്യയിൽ നിന്നും ഫ്രാൻസിലേക്ക് വിദ്യാർത്ഥികൾക്കുള്ള ഉപരി പഠന, തൊഴിൽ സാദ്ധ്യതകളിൽ വർദ്ധനവുണ്ടാകും. കുറഞ്ഞത് ആറു മാസമെങ്കിലും ഫ്രാൻസിൽ ഉപരിപഠനം നടത്തിയ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷത്തേക്ക് ഷെൻഗെൻ വിസ അനുവദിക്കും. ഇത് ഉപരിപഠന ശേഷം മികച്ച തൊഴിൽ കണ്ടെത്താൻ സഹായിക്കും.
2030ഓടു കൂടി 30000 ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഫ്രാൻസിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഫ്രാൻസിൽ ഉപരിപഠനത്തിന് ഫ്രഞ്ച്ഭാഷയിൽ പ്രാവീണ്യം വേണം. പുതിയ തീരുമാനങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രതീക്ഷയേകുന്നു. എൻജിനിയറിംഗ്, മാനേജ്‌മെന്റ്, സയൻസ്, ടെക്നോളജി മേഖലയിൽ ഫ്രാൻസിൽ ഉപരിപഠനത്തിനായി മികച്ച സർവകലാശാലകളുണ്ട്. ഫ്രാൻസിലെ ഇൻസീഡ് മികച്ച ലോക റാങ്കിംഗുള്ള ബിസിനസ് സ്കൂളാണ്. എൻജിനിയറിംഗിൽ ഫ്രാൻസിലെ ഗ്രെനോബിൽ മികച്ച നിലവാരം പുലർത്തുന്ന ടെക്നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്. QS ലോക റാങ്കിംഗിൽ ഗ്രെനോബിൽ നാലാം സ്ഥാനത്താണ്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ഇന്ത്യയിൽ നിന്നും ബി.ടെക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രെനോബിൾ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് എം. എസ് പ്രോഗ്രാമിന് പഠിക്കാം. അമൃത സർവകലാശാലയ്ക്ക് ഗ്രെനോബിൾ യൂണിവേഴ്സിറ്റിയുമായി നിലവിൽ ട്വിന്നിംഗ് പ്രോഗ്രാമുണ്ട്.
ഫ്രാൻസിലെ 71 ഓളം പബ്ലിക് യൂണിവേഴ്സിറ്റികളിലേക്കും ഫ്രഞ്ച് ഗവണ്മെന്റാണ് ഫണ്ട് അനുവദിക്കുന്നത്. ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ ഫ്രാൻസിൽ പഠിക്കാൻ സാധിക്കും. നിരവധി മികച്ച സ്വകാര്യ സർവ്വകലാശാലകളുമുണ്ട്. ഫ്രഞ്ച് സർവ്വകലാശാലകൾ ലൈസൻസ്, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ ഓഫർ ചെയ്യും. ഫ്രാൻസിലെ ഉപരിപഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പസ് ഫ്രാൻസ് വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.
ആറു സെമസ്റ്റർ നീണ്ടു നിൽക്കുന്ന അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമാണ് ലൈസൻസ്. സോബോൺ, ഇക്കോൽ പോളിടെക്‌നിക്, നൻറ്സ്, യൂണിവേഴ്സിറ്റി ഒഫ് പാരീസ്, ENS ലിയോൺ, ലോറൈൻ തുടങ്ങി മികച്ച സർവകലാശാലകളുണ്ട്. പബ്ലിക് ഹെൽത്ത്, മീഡിയ സ്റ്റഡീസ്, ഐ ടി,ലോജിസ്റ്റിക്സ്, സുസ്ഥിര വികസനം, ടെക്നോളജി, എനർജി, ഓഷൻ റിസർച്ച്, ഡാറ്റ മാനേജ്‌മെന്റ്, ടെലികമ്യൂണിക്കേഷൻ, എയ്റോനോട്ടിക്കൽ എൻജിനിയറിംഗ്, കൾച്ചറൽ പഠനം, ഹ്യൂമാനിറ്റീസ്, അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച കോഴ്സുകളുണ്ട്. ഫ്രാൻസിലെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി ക്യാമ്പസ് ഫ്രാൻസ് എന്ന ഫ്രഞ്ച് സർക്കാരിന്റെ ഇനീഷ്യേറ്റീവുണ്ട്. ക്യാമ്പസ് ഫ്രാൻസിന് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുണ്ട്.
ഫ്രാൻസിൽ ഉപരിപഠനത്തിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.എൽ.ടി.എസ്സിലും ഫ്രഞ്ച് ഭാഷയിലും മികച്ച സ്കോർ നേടണം. ഐ.ഇ.എൽ.ടി.എസ്സിൽ 9 ൽ 7 ബാൻഡെങ്കിലും ലഭിക്കണം. ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഫ്രഞ്ച് എംബസ്സിയുടെ കീഴിലുള്ള ഫ്രഞ്ച് കൾച്ചറൽ സെന്ററുകളാണ് (അലയൻസ് ഫ്രാൻസാണ്) കോഴ്സുകൾ നടത്തുന്നത്. യൂറോപ്പിലെ 29 ഓളം രാജ്യങ്ങളിൽ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, കുസാറ്റ്, ആന്ധ്ര യൂണിവേഴ്‌സിറ്റി, ഡൽഹി കോളേജ് ഒഫ് ആർട്സ്, ഇ.എഫ്.എൽ, ഹൈദരാബാദ്, ഫ്രഞ്ച് കൾച്ചറൽ കേന്ദ്രങ്ങൾ, ഫ്രാഞ്ചൈസുകൾ, നിരവധി ഓപ്പൺ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ഫ്രഞ്ച് കോഴ്സുകളുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഫ്രാൻസിൽ ഉപരിപഠനത്തിന് കോമൺ യൂറോപ്യൻ ഫ്രെയിംവർക് ഒഫ് റഫറൻസ് (CEFR) അനുസരിച്ച് B1/B 2/C 1 ലെവൽ കൈവരിക്കണം. പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് കുറഞ്ഞത് B 2 വെങ്കിലും കൈവരിക്കണം. നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള കോച്ചിംഗ് കേന്ദ്രങ്ങൾ എല്ലാ നഗരങ്ങളിലുമുണ്ട്
സമർത്ഥരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 500 ഓളം സ്കോളർഷിപ്പുകൾ നിലവിലുണ്ട്. ലെഗ്രാൻഡ് എംപവറിംഗ് സ്കോളർഷിപ്,AMBA ഡാമിയ സ്കോളർഷിപ്, Sciences PO, പാരീസ് ടെക് എന്നിവ സ്കോളർഷിപ്പുകളിൽ ചിലതാണ്. വ്യവസായ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളുമാണ് കൂടുതലായി സ്കോളർഷിപ് നൽകുന്നത്. ഫ്രാൻസിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ അക്കാഡമിക് വർഷം ആരംഭിക്കും. ഒരു വർഷത്തെ തയ്യാറെടുപ്പുണ്ടെങ്കിൽ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |