കോഴിക്കോട്: വ്യാജ ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ. നടക്കാവ് ഇംഗ്ലീഷ് പള്ളി സെയ്ദ് ഹൗസിൽ സെയ്ത് ഷമീം (25), കുട്ടിക്കാട്ടൂർ പൈങ്ങോട്ടുപുറം പള്ളത്തഞ്ചേരി മീത്തൽ അനീഷ (18) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. നാലിന് രാത്രി മാവൂർ റോഡിലെ എ.ടി.എമ്മിന് മുന്നിൽ തട്ടിപ്പിനിടെയാണ് ഇരുവരും പിടിയിലായത്.
മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മാനാഞ്ചിറയിലെ എസ്.ബി.ഐ എ.ടി.എമ്മിൽ 500 രൂപ പിൻവലിക്കാൻ പോയതായിരുന്നു പരാതിക്കാരൻ. ഈ സമയം പ്രതികൾ എ.ടി.എം ക്യാബിനിലേക്ക് വന്ന് കാർഡ് എടുക്കാൻ മറന്നു പോയെന്നും അത്യാവശ്യമായി 2000 രൂപ വേണമെന്നും അക്കൗണ്ടിലേക്ക് അയച്ചു തരാമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ അക്കൗണ്ടിൽ നിന്ന് 2,500 രൂപ പിൻവലിച്ച് 2000 രൂപ കൈമാറുകയായിരുന്നു. പരാതിക്കാരന്റെ അക്കൗണ്ട് നമ്പർ വാങ്ങി അതിലേക്ക് പണം അയച്ചതായി മെസേജ് കാണിച്ചു കൊടുക്കുകയും ചെയ്തു. അഞ്ചുമിനിറ്റ് കഴിഞ്ഞ് പണം ക്രെഡിറ്റ് ആകാത്തതിൽ സംശയം തോന്നി എ.ടി.എമ്മിൽ പോയി ബാലൻസ് പരിശോധിച്ചപ്പോഴാണ് കബളിക്കപ്പെട്ടതായി അറിയുന്നത്. ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവെയാണ് ഇരുവരും പിടിയിലായത്. പ്രതിയായ സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ , വെള്ളയിൽ, കൊല്ലം ജില്ലയിലെ ചടയമംഗലം സ്റ്റേഷനുകളിൽ കവർച്ച, മയക്കുമരുന്ന്, തട്ടിപ്പ്, പോക്സോ ഉൾപ്പെടെ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരോട് ക്യാഷായി പണം തരാമോ ഗൂഗിൾ പേ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് പണംതട്ടുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |