ന്യൂഡൽഹി: വിള്ളൽ വീണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ന് ഇന്ത്യയിലെത്തും. മുയിസുവിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് മുമ്പ് പങ്കെടുത്തത്.
ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിൽ മോദിയുമായി ചർച്ച നടത്തിയേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ചയുണ്ട്. തുടർന്ന് മുംബയിലും ബംഗളൂരുവിലും ബിസിനസ് പരിപാടികളിൽ പങ്കെടുക്കും. ബംഗളൂരുവിൽ മാലദ്വീപ് പ്രവാസികളുമായി സംവദിക്കും.
ചൈനയുടെ പിന്തുണയുള്ള 'ഇന്ത്യാ വിരുദ്ധ" പക്ഷത്തിന്റെ നേതാവായി വിശേഷിക്കപ്പെടുന്ന മുയിസു 2023 നവംബറിൽ ചുമതലയേറ്റ ശേഷം 85 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടത് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ‌്ത്തിയിരുന്നു. എന്നാൽ ഇന്ത്യയുമായി ഒന്നിച്ചു പോകാനുള്ള നയമാണ് പിന്നീട് സ്വീകരിച്ചത്. മോദിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌തു.മേയിൽ അവരുടെ വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലും ആഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാലദ്വീപിലും സന്ദർശനം നടത്തി. സെപ്‌തംബറിൽ ഇസ്ലാമിക് ബോണ്ട് പേയ്‌മെന്റ് ആൻഡ് ഇടപാടിൽ മാലദ്വീപിന് ഇന്ത്യൻ സഹായം.
മാലദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് മുയിസുവിന്റെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണത്തിനും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിനും ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ദീർഘകാല ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സന്ദർശനം പ്രയോജനപ്പെടുമെന്ന് മുയിസുവിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. മാലദ്വീപിന്റ വികസനത്തിലും വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |