കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനുമായി ചേർന്ന് ഗ്രന്ഥശാലയിലെ അമൂല്യ ഗ്രന്ഥശേഖരത്തിലെ പഴയകാല ആനുകാലികങ്ങളും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്നു. നൂറു വർഷത്തോളം പഴക്കമുള്ള മാസികകളും ആനുകാലികങ്ങളും ഇക്കൂട്ടത്തിലുണ്ട്. 1929-ൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രം മലയാളരാജ്യം, കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പ്, ഗുരുനാഥൻ മാസിക, പഴയ കാല വനിതാ മാസിക മഹതി, നവജീവൻ മാസിക, മിതവാദി, പുഞ്ചിരി, എം.എൻ.നായർ മാസിക തുടങ്ങിയവയും ധാരാളം വിശേഷാൽ പ്രതികളും ഉൾപ്പെടുന്ന ശേഖരം ഭാവി തലമുറയ്ക്കായി ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്ത് വായനക്കാർക്കെത്തിക്കും. www.gpura.org ഗ്രന്ഥപുര വെബ് സൈറ്റിൽ 150 വർഷത്തിന് മേൽ പഴക്കമുള്ളവ ഉൾപ്പെടെ അഞ്ഞൂറിലധികം പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടെന്ന് തീർപ്പാക്കിയ മാസികകളും വിശേഷാൽ പ്രതികളും സുവനീറുകളും സിനിമാ പാട്ടുപുസ്തകങ്ങളും അടക്കം ഡിജിറ്റൈസ് ചെയ്ത 4000ത്തിനടുത്ത് രേഖകൾ ആർക്കൈവിലുണ്ട്.
സി.കെ.പി വിലാസം ഗ്രന്ഥശാലയിൽ ഇന്ന് വൈകിട്ട് 6ന് നടക്കുന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ ഉദ്ഘാടനം ചെയ്യും. കണ്ണൻ ഷൺമുഖം പദ്ധതി വിശദീകരിക്കും. ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷൻ ഡയറക്ടർ ഷിജു അലക്സും ലൈബ്രറി ഭാരവാഹികളും ധാരണാപത്രം കൈമാറും. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ് പങ്കെടുക്കും. നവംബർ ആദ്യവാരത്തോടെ ഗ്രന്ഥപുര വെബ് സൈറ് വഴി സി.കെ.പി വിലാസം ഗ്രന്ഥശാലയിലെ ഗ്രന്ഥശേഖരം പൊതുജനങ്ങൾക്ക് ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |