ആദ്യം ജോലി, പിന്നെ പ്രൊമോഷൻ തടഞ്ഞ് എം.ജി യൂണി.
കൊച്ചി: പാവമൊരു അന്ധയോടാണീ ക്രൂരത. റാങ്ക് ലിസ്റ്റിൽ ആദ്യമെത്തിയിട്ടും ജോലി നൽകിയില്ല. സുപ്രീംകോടതി വരെപ്പോയി അനുകൂല വിധി വാങ്ങിയപ്പോൾ പ്രൊമോഷൻ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമനം... പകവീട്ടുന്നത് എം.ജി യൂണിവേഴ്സിറ്റി. ഇര,100 ശതമാനം അന്ധയായ ഡി.എസ്. ലാലി.
നീതി നിഷേധത്തിന്റെയും ലാലിയുടെ പോരാട്ടത്തിന്റെയും കഥ ഇങ്ങനെ:
കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ലാലി. 2009ൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ വിജയിച്ചപ്പോൾ സിൻഡിക്കേറ്റിന്റെ ഉടക്ക്. അന്ധയെ അസിസ്റ്റന്റായി നിയമിക്കില്ല. പരീക്ഷാ വിജ്ഞാപനത്തിൽ ഈ തടസ്സം പറഞ്ഞിരുന്നില്ല. പരീക്ഷയ്ക്ക് സ്ക്രൈബിനെ അനുവദിച്ചതും യൂണിവേഴ്സിറ്റി. 2004 മുതൽ 2007വരെ ലാലി അസിസ്റ്റന്റായി ഇവിടെ താത്കാലിക ജോലി ചെയ്തതുമാണ്.
ലാലി നിയമവഴി തേടി. പോരാട്ടം സുപ്രീംകോടതിയിൽ ഫലം കണ്ടു. പി.ആർ.ഒ അസിസ്റ്റന്റ്, എൻക്വയറി അസിസ്റ്റന്റ്, ടെലിഫോൺ ഓപ്പറേറ്റർ പോസ്റ്റുകളിൽ ഒന്നിൽ നിയമനം നൽകാനായിരുന്നു ഉത്തരവ്.
യൂണിവേഴ്സിറ്റി പണി തുടങ്ങി. ടെലിഫോൺ ഓപ്പറേറ്റർ എന്ന പ്രൊമോഷനില്ലാതസ്തിക സൃഷ്ടിച്ച് 2013ൽ ലാലിയെ നിയമിച്ചു. തസ്തിക ഇതെങ്കിലും ചെയ്യിക്കുന്നത് അസിസ്റ്റന്റിന്റെ ജോലി. കൂടെ കയറിയവർ ഇപ്പോൾ സെക്ഷൻ ഓഫീസർമാരാണ്. പ്രൊമോഷൻ ടെസ്റ്റ് പാസായിട്ടും ലാലി ടെലിഫോൺ ഓപ്പറേറ്ററായി തുടരുന്നു. ശമ്പളത്തിലും കാര്യമായ വർദ്ധനയില്ല.
തസ്തികമാറ്റാൻ പലതവണ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. സ്ഥാനക്കയറ്റത്തിന് ലാലിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 39-ാംവയസിൽ ജോലിയിൽ കയറിയ ലാലിക്ക് 50 വയസായി. 10 വർഷം കൂടിയേ സർവീസുള്ളൂ.
അന്ധതയ്ക്ക് കീഴടങ്ങാതെ
എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് ലാലിക്ക് കാഴ്ച മങ്ങിത്തുടങ്ങിയത്. ഓപ്പറേഷൻ പലത് ചെയ്തിട്ടും ഫലമുണ്ടായില്ല. 24-ാംവയസിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ചികിത്സയ്ക്കിടയിലും പഠിത്തം മുടക്കിയില്ല. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും കമ്പ്യൂട്ടറിൽ പി.ജി ഡിപ്ളോമയും നേടി. യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിലാണ് താമസം. അജയകുമാറാണ് ഭർത്താവ്, മകൻ എൽ.കെ.ജി വിദ്യാർത്ഥി കാർത്തിക്.
ന്യായമില്ലാത്ത മാറ്റിനിറുത്തൽ
എം.ജി യൂണിവേഴ്സിറ്റിയിൽ ഇതിനു മുമ്പ് 95 ശതമാനം അന്ധരായവർ അസിസ്റ്റന്റ് തസ്തികയിലുൾപ്പെടെ ജോലി ചെയ്തിട്ടുണ്ട്
കണ്ണൂർ യൂണി. അസിസ്റ്റന്റായി പ്രവേശിച്ച പൂർണ അന്ധയായ ഉദ്യോഗസ്ഥ ഡെപ്യൂട്ടി രജിസ്ട്രാർ ആയാണ് വിരമിച്ചത്
കുസാറ്റിൽ അന്ധയായ സ്ത്രീ സെക്ഷൻ ഓഫീസറായി ജോലിചെയ്യുന്നുണ്ട്. പക്ഷേ, ലാലിയോട് ക്രൂരമായ വിവേചനം
സംഭവത്തിന്റെ പശ്ചാത്തലം അന്വേഷിക്കും. ഫയലുകൾ പരിശോധിക്കണം. സമാനമായ വേറെയും പരാതിയുണ്ട്. വിഷയം ഗൗരവമായെടുക്കും
പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ,
വൈസ് ചാൻസലർ, എം.ജി സർവകലാശാല
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി കൈവിടില്ലെന്നുറപ്പുണ്ട്. എനിക്ക് നീതി ലഭിച്ചാൽ ഇനി വരുന്നവർക്കും ഉപകാരപ്പെടും
ഡി.എസ്. ലാലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |