SignIn
Kerala Kaumudi Online
Monday, 04 November 2024 11.14 AM IST

ക്യാമറയിൽ പതിഞ്ഞ് നിഗൂഢ ജീവി, വീഡിയോ വൈറൽ

Increase Font Size Decrease Font Size Print Page
pic

ന്യൂയോർക്ക് : യു.എസിലെ വനാന്തരങ്ങളിൽ ജീവിക്കുന്നതെന്ന് പറയപ്പെടുന്ന നിഗൂഢ ജീവിയായ ബിഗ്ഫൂട്ടിന്റേതെന്ന പേരിൽ പുറത്തുവന്ന വീഡിയോ വൈറലായി. ഒക്‌ലഹോമയിലെ വിചിറ്റ പർവ്വതനിരകൾക്ക് സമീപമുള്ള പാരലൽ ഫോറസ്റ്റിൽ ഹൈക്കിംഗിന് എത്തിയ ഒരാളാണ് വീഡിയോ പകർത്തിയത്.

9 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ടിക്ടോക്കിൽ 17 ലക്ഷം പേർ കണ്ടു. നിബിഢ വനത്തിലൂടെ നീങ്ങുന്ന ഭീമൻ ആൾക്കുരങ്ങിന് സമാനമായ രൂപത്തെയാണ് വീഡിയോയിൽ കാണാനാവുക. ഓറഞ്ച് രോമങ്ങൾ നിറഞ്ഞ ജീവി ഒരു മരത്തിൽ ചാരി ഇരിക്കവെ വീഡിയോ പകർത്തുന്നയാളെ കാണുന്നു.

ഇതോടെ വീഡിയോ അവസാനിക്കുന്നു. അതേ സമയം, വീഡിയോ വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുമെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ആരോ ബിഗ്ഫൂട്ടിനെ പോലെ കോസ്റ്റ്യൂം ധരിച്ചതാണെന്ന് ചിലർ ആരോപിച്ചു. എന്നാൽ ഒരു പരസ്യത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടി. ഇതുപോലെ ബിഗ്ഫൂട്ടിന്റേതെന്ന പേരിൽ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഒന്നിന്റെയും ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല.

നേരത്തെ അലാസ്കൻ വനാന്തരങ്ങളിൽ 12 -20 ഇഞ്ചോളം വരെ വലിപ്പമുള്ള ഭീമൻ കാലടയാളങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ബിഗ്ഫൂട്ടിന്റേതാകാമെന്ന് ചിലർ വാദിച്ചിരുന്നു. ഹിമാലയത്തിലെ യതിയെ പോലെ അമേരിക്കയിൽ ഉണ്ടെന്ന് പറയപ്പെടുന്ന സാങ്കല്പിക ജീവിയാണ് ബിഗ്ഫൂട്ട്.

ബിഗ്ഫൂട്ട് എന്നൊരു ജീവി ശരിക്കും ഇല്ലെന്നും വെറും കെട്ടുകഥ മാത്രമാണെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഏഴടിയോളം നീളവും പകുതി മനുഷ്യന്റെയും പകുതി ആൾക്കുരങ്ങിന്റെയും രൂപമുള്ള രോമാവൃതമായ ശരീരത്തോടുംകൂടിയ ബിഗ്ഫൂട്ടിനെ കണ്ടെന്ന് അവകാശപ്പെട്ട് നിരവധി പേ‌ർ രംഗത്തെത്തിയിട്ടുണ്ട്.

നോർത്ത് കാരലൈന, ജോർജിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ വനമേഖലയിലൊക്കെ ബിഗ്ഫൂട്ടിന്റെ സാന്നിദ്ധ്യം അവകാശപ്പെട്ട് പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകളില്ല. മസാച്യൂസെറ്റ്സിൽ 200 സ്‌ക്വയർ മൈലിൽ വ്യാപിച്ച് കിടക്കുന്ന ബ്രിഡ്‌ജ്‌വാട്ടർ ട്രയാംഗിൾ എന്നറിയപ്പെടുന്ന ഭാഗത്തെ ചതുപ്പുനിലങ്ങളിലും ബിഗ്ഫൂട്ടിനെ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്.

1978ൽ ഇവിടെ ഒരു കുളത്തിനരികിൽ നിൽക്കുകയായിരുന്ന പാരാനോർമൽ ഗവേഷകൻ ജോ ഡി ആൻഡ്രയെഡ്, ഏഴടിയോളം ഉയരമുള്ള, മനുഷ്യന്റെയും ആൾക്കുരങ്ങിന്റെയും രൂപമുള്ള ബിഗ്ഫൂട്ടിനെ കണ്ടത്രെ.

 കാട്ടിലെ അവ്യക്ത രൂപങ്ങൾ!

അതേ സമയം, ഹൈക്കർ ബിഗ്‌ഫൂട്ടിനെ കണ്ടെന്ന് അവകാശപ്പെടുന്ന പാരലൽ ഫോറസ്റ്റിനെ പറ്റിയും നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അസ്വഭാവിക സംഭവവികാസങ്ങളുടെ കേന്ദ്രമായാണ് പാരലൽ ഫോറസ്‌റ്റ് അറിയപ്പെടുന്നത്. 20,000 ത്തിലധികം ദേവദാരു വൃക്ഷങ്ങളാണ് ഇവിടെയുള്ളത്.

16 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പാരലൽ ഫോറസ്‌റ്റിലെ ദേവദാരു വൃക്ഷങ്ങളെല്ലാം 6 അടി അകലത്തിൽ സസൂഷ്‌മം നട്ടിരിക്കുന്നു. ഇവിടെ ഏത് ദിശയിൽ നിന്നു നോക്കിയാലും തുല്യ അകലത്തിൽ സമാന്തരമായാണ് ഈ മരക്കൂട്ടങ്ങളെ കാണാനാവുക. പാരലൽ ഫോറസ്റ്റിന് ഉൾവശം ഇരുട്ട് മൂടിയിരിക്കും. കാട്ടിനുള്ളിൽ ദുർമന്ത്രവാദികൾ സാത്താൻ സേവ നടത്തിയ ഇടങ്ങളുണ്ടെന്ന് അവകാശവാദമുണ്ട്.

അവ്യക്തമായ ചില രൂപങ്ങളും പ്രേതങ്ങളെയും ഇവിടെ കണ്ടതായും കഥകളുണ്ട്. വഴിതെറ്റിപ്പോകാൻ സാദ്ധ്യത ഏറെയായതിനാൽ പാരലൽ ഫോറസ്റ്റിൽ സന്ധ്യമയങ്ങിയാൽ ഒറ്റയ്ക്ക് പ്രവേശിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.