മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും രാഷ്ട്രീയ കുടുംബാംഗവുമായ മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി - പൻവേൽ) കുളൂർ പാലത്തിന് മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയിരുന്നു.
പുലർച്ചെ മൂന്നിന് വീട്ടിൽ നിന്നിറങ്ങിയ പോയ മുംതാസ് നഗരത്തിൽ പലയിടങ്ങളിലും സഞ്ചരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മണിയോടെയാണ് പാലത്തിന് സമീപം വാഹനം എത്തിയത്. തൊട്ടുപിന്നാലെ മുംതാസ് അലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൾ പൊലീസിൽ പരാതി നൽകി.
മുംതാസ് അലിയുടെ മൊബെെൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഫാൽഗുന പുഴയിൽ തെരച്ചിൽ നടത്തിയത്. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുംതാസ് അലി പാലത്തിൽ നിന്ന് ഫാൽഗുനി പുഴയിലേക്ക് ചാടിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.
ജനതാദൾ സെക്കുലർ (എസ്) എം.എൽ.എയായ ബി.എം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എം.എൽ.എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് മുംതാസ് അലി. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു.
അതിനിടെ ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംതാസ് അലിയുടെ കെെയിൽ നിന്ന് പണം അപഹരിച്ച കേസിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുംതാസ് അലിയുടെ സഹോദരൻ ഹെെദരലിയുടെ പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |