ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരുനാട് തന്നെ ഒലിച്ചുപോവുക, അവിടെയുണ്ടായിരുന്ന അമ്പതോളം പേരെ കാണാതാവുക, കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ദുരന്തത്തിന്റെ വാർത്തയാണ് വയനാട് മേപ്പാടി പുത്തുമലയിലും മലപ്പുറം നിലമ്പൂരിലും സംഭവിച്ചത്. ഇവിടേക്കുള്ള ഗതാഗത സംവിധാനങ്ങൾ താറുമാറായതിനെ തുടർന്ന് ഏറെ വൈകി രക്ഷാപ്രവർത്തകർ ഇവിടേക്കെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുടെ ക്ഷാമവും കാരണം കുടുങ്ങിക്കിടക്കുന്നവരെ ഇനിയും പുറത്തെടുക്കാനായിട്ടില്ല. അമ്പതോളം പേർ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മന്ത്രി എം.കെ.ശശീന്ദ്രൻ അടക്കമുള്ളവർ ഇവിടേക്കെത്തിയെങ്കിലും എത്ര പേർ ദുരന്തത്തിൽ പെട്ടുവെന്നുള്ള വിവരം ലഭ്യമായിട്ടില്ല. ഇവരെ എങ്ങനെ കണ്ടെത്തുമെന്നും വിവരമില്ല.
അതേസമയം, മേപ്പാടിയിലെ ദുരന്തം നേരിട്ട് കണ്ടവർ നടുക്കുന്ന കാഴ്ചയുടെ ഞെട്ടലിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ല. ഭീതിയോടെയല്ലാതെ ഇവരുടെ വാക്കുകൾ കേൾക്കാനുമാകില്ല. വൻ ശബ്ദത്തോടെ ഒരു മലയൊന്നാകെ ഒഴുകിയെത്തിയെന്നും തങ്ങളുടെ കൺമുന്നിൽ വച്ച് ചിലർ മരണത്തിലേക്ക് ഒലിച്ച് പോയത് കണ്ടെന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി വാട്സ്ആപ്പ് സന്ദേശങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അവയിൽ ചിലത്.
അപ്പോൾ കാറും പള്ളിയുമൊന്നും ആരും മൈൻഡ് ചെയ്യില്ലല്ലോ
ഞങ്ങൾ ഇങ്ങനെ കുറെ ആളുകൾ പാലം നോക്കി നിൽക്കുന്നുണ്ട്. കുറേ ആൾക്കാർ കടയുടെ മുന്നിൽ, കുറേ ചെക്കന്മാരും കടയുടെ മുന്നിൽനിന്നു ചായ കുടിച്ചു പുറത്തുനിൽക്കുന്നുണ്ട്. അപ്പോഴാണ് ഈ ഒച്ച കേൾക്കുന്നത്. അപ്പോ നോക്കുമ്പോ കണ്ടുനിന്ന ആളുകൾ ഓടി. ഇറങ്ങാൻ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. ഓടുന്ന എല്ലാവരും മുകളിലേക്കാണ് കേറുന്നത്.
ആ വരവിലാണ് മുകളിൽ ഇമ്മടെ പള്ളി പോയ്ക്കണ് എന്നതു നൂറു ശതമാനം ഉറപ്പ്. കറക്ട് ആയി കാണാൻ പറ്റിയില്ല. പിന്നെ കാറും പള്ളിയുമൊന്നും ആരും മൈൻഡ് ചെയ്യുന്നില്ലല്ലോ. അവിടെയൊരു ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു. അത് മൊത്തത്തിൽ പോയി. ക്യാന്റീൻ പോയി. രണ്ടുമൂന്നാല് കാറുകൾ പോയി. കുറെ ആളുകൾ കാണാൻ നിൽക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയിൽപെട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ആ ക്വാർട്ടേഴ്സിലുള്ളവർ മണ്ണിന്റടിയിൽപ്പെട്ടർക്ക്ണ്. അതുറപ്പാണ്. ക്യാന്റീനിലുള്ളവരും മണ്ണിനടിയിലാണ്. ക്യാന്റീൻ നടത്തിയിരുന്നവരുടെ ഒന്നരവയസുള്ള കുട്ടിയെ കാണാനില്ല. മേപ്പാടി തട്ടുകടയിൽ നിന്നിരുന്ന ചെക്കനാണ്. ചെക്കനെ അപ്പത്തന്നെ ചെളിയിൽനിന്നു പൊക്കി. കുട്ടി മിസിങ്ങാണ്.
ചെളിയുടെ മുകളിൽ ഒരു കൈ ഇങ്ങനെ ആടുകയാണ്, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല
ഞാനിപ്പോ ഉള്ളത് നെടുമ്പാലയാണ്. അവിടുന്നു നടന്നാണു വന്നത്. എന്റെ ലൈഫിൽ ഞാൻ ഇതുപോലെ സംഭവം കണ്ടിട്ടില്ല. ചെളിയുടെ മുകളിൽ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്. കരയുകയാണോ രക്ഷിക്കാനാണോ എന്നൊന്നും അറിയില്ല. ഒന്നും ചെയ്യാനാകില്ല. ഒരു രക്ഷയുമില്ല. മരവിച്ചുപോയ അവസ്ഥ. എല്ലാവരും ഫോറസ്റ്റ് ഓഫിസിലാണ്. ഒരു ഐഡിയയുമില്ല. ഇനിയൊക്കെ പടച്ചോൻ വിധിച്ചപോലെ നടക്കും''!
ഇത് അവസാന സന്ദേശം
നാലാളുകൾ കാറിനുള്ളിൽ പെട്ടിട്ടുണ്ടെന്നാണു സംശയം. ഹെലികേ്ര്രാപർ സംവിധാനമില്ലാതെ ഇവിടെ രക്ഷാപ്രവർത്തനം നടക്കില്ല. അവസാന സന്ദേശമാണ്. ഇനി എന്താണു സംഭവിക്കുകയെന്നറിയില്ല. മണ്ണിനടിയിൽനിന്നു കിട്ടിയവരെ വിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്
ഭീകരാവസ്ഥയാണ് ഇവിടെ
ഞാൻ ഹുസൈൻ ചൂരമല. കരാട്ടെ ഇൻസ്ട്രക്ടർ ആണ്. ദയനീയ അവസ്ഥയാണ് ഇവിടെ. ഏറ്റവും താഴെയുള്ള വീടും പള്ളിയും അമ്പലവും താഴെയുള്ള വീടുകളും നശിച്ചുവെന്നാണു പറയപ്പെടുന്നത്. ഭീകരാവസ്ഥയാണ് ഇവിടെ''