പെരിന്തൽമണ്ണ: ജില്ലയിൽ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളിൽ കറങ്ങി ബൈക്കുകൾ മോഷ്ടിച്ച കേസുകളിൽ മൂന്നു പേർ അറസ്റ്റിൽ. വേങ്ങര ഊരകം സ്വദേശികളായ യാറപ്പടിയിലെ പന്നിയത്ത് പറമ്പ് വീട്ടിൽ ഷംനാഫ് (18), കാരപ്പറമ്പ് പുത്തൻപീടിക കുറ്റിപ്പുറം വീട്ടിൽ ഷാജികൈലാസ് (19), കരിമ്പിലി കീഴുറി താഴത്തുവീട്ടിൽ അബുതാഹിർ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 27ന് രാത്രി പെരിന്തൽമണ്ണ ടൗണിലെ മൂസക്കുട്ടി ബസ് സ്റ്റാൻഡിനു സമീപത്തുള്ള കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയായ വിദ്യാർത്ഥിയുടെ യമഹ ആർ വൺ ഫൈവ് ബൈക്ക് മോഷണം പോയിരുന്നു. രണ്ടിന് രാത്രി ടൗണിൽ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന യുവാവിന്റെ യമഹ ആർ വൺ ഫൈവ് ബൈക്കും മോഷണം പോയി. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സി.സി ടി.വി കേന്ദ്രീകരിച്ചും കുറ്റകൃത്യങ്ങൾ നടത്തിയവരെ ചുറ്റിപ്പറ്റിയും നടത്തിയ അന്വേഷണത്തിലാണ് വേങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെകുറിച്ച് സൂചന ലഭിച്ചത്. മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി രാത്രിയിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. നമ്പർ പ്ലേറ്റുകൾ മാറ്റിയശേഷം മോഷണം നടത്തി കൊണ്ടു വരുന്ന ബൈക്കുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജ നമ്പർ പ്ലേറ്റ് വച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ചനിലയിൽ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. കൂടുതൽ ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഷാജികൈലാസിന്റെ പേരിൽ തൃശൂർ, തൃത്താല, താനൂർ, എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസുകളുണ്ട്. അടുത്തിടെ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതാണ്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി ടി.കെ.ഷൈജു, ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ ഷിജോ സി.തങ്കച്ചൻ, എ.എസ്.ഐ ഷാഹുൽഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ പി.പ്രശാന്ത്, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ് കുമാർ, കെ.ദിനേഷ്, പ്രഫുൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |