തിരുവനന്തപുരം: അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അതിശക്ത മഴയ്‌ക്കും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കുക. മദ്ധ്യ വടക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി, തെക്കൻ തമിഴ്നാട് വഴി ന്യൂനമർദ്ദ പാത്തിയുടെയും അടിസ്ഥാനത്തിലാണ് മഴ ശക്തമാകുന്നത്.
ചെറിയ സമയത്തിനുള്ളിൽ വലിയ മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിശക്തമഴയുടെ സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങളിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും സാദ്ധ്യതയുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. അപകട സാഹചര്യമുണ്ടായാൽ ദുരന്ത നിവാരണ അതോറിട്ടി കൺട്രോൾ റൂം നമ്പരായ 1077ൽ ബന്ധപ്പെടണം
അതിശക്ത മഴ (ഓറഞ്ച് അലർട്ട്)
ഇന്ന്: തിരുവനന്തപുരം, കൊല്ലം
നാളെ: ഇടുക്കി
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കും
ഒറ്റപ്പെട്ട ശക്തമായ മഴ (യെല്ലോ അലർട്ട്)
ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും
ആശങ്കയായി
വയനാട്ടിൽ
വ്യാപകമഴ
കൽപ്പറ്റ: കാലവർഷം പിൻവാങ്ങിയിട്ടും മഴയുടെ ആശങ്ക മാറുന്നില്ല. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ ശക്തമായ മഴ പെയ്യുന്നത്. ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പട്ടികവർഗ വകുപ്പിന്റെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വെള്ളം കയറിയിരുന്നു. ഈ പ്രദേശത്തെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം മഴപെയ്തു. പേമാരിയും ഉരുൾപൊട്ടലുമുണ്ടായ വയനാട് ജില്ലയിൽ മഴ ഇത്തരത്തിൽ തുടരുന്നത് ആശങ്കയാവുകയാണ്. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യമുണ്ടായാൽ ഉടൻ വാർഡ് മെമ്പറേയോ വില്ലേജ് ഓഫീസറെയോ വിവരം അറിയിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |