ഇസ്ലാമാബാദ്: കറാച്ചി വിമാനത്താവളത്തിന് പുറത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പാക് സൈനിക വക്താവ് പറഞ്ഞു.
ഒരു ഓയിൽ ടാങ്കറിന് തീപിടിക്കുകയും തുടർന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു. എൻജിനിയർമാർ ഉൾപ്പെടെയുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും സ്‌ഫോടകവസ്തു വാഹനത്തിൽ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും ബി.എൽ.എ പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനത്താവളത്തിന് സമീപം പോർട്ട് ഖാസിം ഇലക്ട്രിക് പവർ കമ്പനിയുടെ ഒരു വാഹനവ്യൂഹം അക്രമണത്തിനിരയായതായും ഭീകരാക്രമണമാണുണ്ടായതെന്നും പാകിസ്ഥാനിലെ ചൈനീസ് എം.ബസി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |