ചണ്ഡീഗഢ്: ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെയായിരുന്നു ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 44 മുതൽ 54 വരെ സീറ്റ് നേടി ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് മിക്ക സർവ്വെയും പ്രവചിച്ചത്. ബിജെപി 15 മുതൽ 29 വരെയും ജെജെപി പൂജ്യം മുതൽ ഒരു സീറ്റ് വരെ സ്വന്തമാക്കുമെന്നായിരുന്നു മറ്റു പ്രവചനങ്ങൾ.
എന്നാൽ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ കാര്യങ്ങൾ എല്ലാം തകിടം മറിയുന്ന അവസ്ഥയിലേക്ക് പോകുകയായിരുന്നു. ഹരിയാനയിലെ ആദ്യ ഫല സൂചനകൾ കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും പിന്നീട് പന്ത് ബിജെപിയുടെ കോർട്ടിലേക്ക് എത്തുകയായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളെപ്പോലും കാറ്റിൽപറത്തിയ ഹരിയാന ബിജെപിയുടെ മുന്നേറ്റം എങ്ങനെയെന്ന് നോക്കാം...
മൂന്നാം ഊഴം കാത്ത് ബിജെപി
വോട്ടെണ്ണൽ ആരംഭിച്ചപ്പോഴുണ്ടായ ലീഡ് ഉയർത്തിയതോടെ പത്ത് വർഷത്തിന് ശേഷം ഹരിയാനയുടെ മണ്ണിൽ അധികാരം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ എല്ലാം മാറിമറിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 47 സീറ്റിൽ ബിജെപിയും 38 സീറ്റിൽ കോൺഗ്രസുമാണ്. മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും മുന്നേറുന്നു. ആം ആദ്മിയും ജെജെപിയും ഇനി അക്കൗണ്ട് തുറക്കുമെന്ന് തോന്നുന്നുമില്ല. 90 ആംഗ നിയമസഭയിൽ ഇത്തവണ നടന്ന വോട്ടെടുപ്പിൽ 67.90 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
എക്സിറ്റ് പോൾ ബിജെപിയെ തള്ളിയപ്പോൾ
ഹരിയാനയിൽ കോൺഗ്രസ് അനായാസ വിജയം നേടുമെന്നാണ് സർവേ ഏജൻസികൾ ഏകകണ്ഠമായി പ്രവചിച്ചത്. ദൈനിക് ഭാസ്‌കറിന്റെ എക്സിറ്റ് പോളുകൾ കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ബിജെപി 19 മുതൽ 29 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിച്ചു. അതേസമയം, കോൺഗ്രസിന് 50 മുതൽ 64 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപി 22 മുതൽ 32 വരെ സീറ്റുകൾ നേടുമെന്നുമാണ് ധ്രുവ് റിസർച്ച് പ്രവചിച്ചത്.
ഇന്ത്യാ ടുഡേ-സിവോട്ടർ സർവേയിൽ കോൺഗ്രസിന് 50 മുതൽ 58 വരെ സീറ്റുകളും ബിജെപിക്ക് 20 മുതൽ 28 വരെ സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക് ഭാരത്-മാട്രിസ് സർവേയിൽ കോൺഗ്രസ് 55 മുതൽ 62 വരെ സീറ്റുകൾ നേടുമെന്നും ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ വരെ ലഭിക്കുമെന്നും പറഞ്ഞു. റെഡ് മൈക്ക്-ഡാതാൻഷ് എക്സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസിന് 50 മുതൽ 55 സീറ്റുകളും ബിജെപിക്ക് 20 മുതൽ 25 സീറ്റുകളും പ്രവചിച്ചു. പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ കോൺഗ്രസിന് 49 മുതൽ 61 വരെ സീറ്റുകൾ നൽകിയപ്പോൾ ഹരിയാനയിൽ ബിജെപിക്ക് 20 മുതൽ 32 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിച്ചത്.
ഏറ്റവും പുതിയ ട്രെൻഡ്
കുരുക്ഷേത്രയിലെ ലദ്വയിൽ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി കോൺഗ്രസ് എതിരാളിയും സിറ്റിംഗ് എംഎൽഎയുമായ മേവാ സിങ്ങിനെക്കാൾ 9,632 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ഗാർഹി സാംപ്ലകിലോയിയിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന മുൻ മുഖ്യമന്ത്രി ദീപേന്ദ്ര സിംഗ് ഹൂഡ, ബിജെപിയുടെ മഞ്ജു ഹൂഡയേക്കാൾ 41,077 വോട്ടിന്റെ ലീഡ് നേടി. ഒളിമ്പിക് ഗുസ്തി താരവും കോൺഗ്രസ് നേതാവുമായ വിനേഷ് ഫോഗട്ട് ജുലാന സീറ്റിൽ ബിജെപിയുടെ യോഗേഷ് കുമാറിനെ പിന്നിലാക്കി വിജയിച്ചു കയറി.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് എല്ലനാബാദിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ അഭയ് സിംഗ് ചൗട്ടാല 7,710 വോട്ടുകൾക്ക് കോൺഗ്രസിന്റെ ഭരത് സിംഗ് ബെനിവാളിനെ പിന്നിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |