ചണ്ഡീഗഢ്: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പത്ത് വർഷത്തിന് ശേഷം ഹരിയാനയിൽ അധികാരം പിടിച്ചെടുക്കാൻ സാധിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. തുടക്കത്തിൽ കോൺഗ്രസ് മുന്നേറ്റം. പത്ത് മണിക്ക് ശേഷം ബിജെപിയുടെ തേരോട്ടം. അവസാനഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ മൂന്നാമതും സർക്കാരുണ്ടാക്കാൻ ഒരുങ്ങുകയാണ് ബിജെപി. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിജയത്തെ ചരിത്രമെന്ന് വിശേഷിപ്പിക്കേണ്ടി വരും.
ഹരിയാന കോൺഗ്രസ് തൂത്തുവാരുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. ഈ പ്രവചനങ്ങളും വോട്ടെണ്ണലിന്റെ തുടക്കത്തിലുള്ള മുന്നേറ്റവും കോൺഗ്രസ് ക്യാമ്പിനെ ആവേശഭരിതമാക്കിയെങ്കിലും എല്ലാം പിഴച്ചു. എഐസിസി ആസ്ഥാനത്തടക്കം ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ എല്ലാം മണിക്കൂറുകൾക്കൊണ്ട് മാറിമറിഞ്ഞു. എന്തൊക്കെ ഘടകങ്ങളാവാം വീണ്ടും ബിജെപിയെ സംസ്ഥാനത്ത് മൂന്നാമതും അധികാരത്തിൽ എത്തിക്കാൻ സഹായിച്ചത്. പരിശോധിക്കാം...
ഹാട്രിക്ക് വിജയം
ഇപ്പോഴുള്ള ട്രെൻഡ് തുടരുകയാണെങ്കിൽ സംസ്ഥാനത്ത് ബിജെപി മൂന്നാമതും അധികാരത്തിൽ എത്തുമെന്ന കാര്യം ഏകദേശം ഉറപ്പായി. ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി മൂന്ന് തവണ തുടർച്ചയായി അധികാരത്തിൽ എത്തുന്നത്. 2014ന് മുമ്പ് ബിജെപിക്ക് സംസ്ഥാനത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. എന്നാൽ മോദി തരംഗത്തിൽ ഹരിയാനയും ഒപ്പം കൂടുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 47 സീറ്റുകളാണ് നേടിയത്. 2019 എത്തുമ്പോഴേക്കും കേവലഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിക്കാതെ 40 സീറ്റിൽ ഒതുങ്ങി. എന്നാൽ അന്ന് പത്ത് സീറ്റ് നേടിയ ജെജെപി ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു.
ഭരണവിരുദ്ധ വികാരത്തെ മറികടന്നു
10 വർഷത്തെ ഭരണ വിരുദ്ധ തരംഗത്തോട് പോരാടേണ്ടി വന്ന ബിജെപിക്ക് ഈ വിജയം ചില്ലറ ആത്മവിശ്വാസമൊന്നുമല്ല നൽകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്തേറ്റ തിരിച്ചടി ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നേതാക്കൾ ഭയന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചില്ല. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ 46.1 ശതമാനം വോട്ടോടെ 10 ലോക്സഭാ സീറ്റുകളിൽ അഞ്ചെണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്. 43.7 ശതമാനം വോട്ട് നേടി ബാക്കി സീറ്റുകൾ കോൺഗ്രസും നേടിയെടുത്തു. ബിജെപിയുടെ 12 ശതമാനത്തോളം വോട്ട് വിഹിതമാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ നഷ്ടമായത്.
മനോഹർ ലാൽ ഖട്ടർ മുതൽ ഇപ്പോഴുള്ള ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി വരെയുള്ള അവസാന നിമിഷത്തെ നേതൃമാറ്റം പാർട്ടിയെ സംബന്ധിച്ച് ഒരു തിരിച്ചടിയായിരുന്നു. കൂടാതെ, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി, മുൻ എംപി സഞ്ജയ് ഭാട്ടിയ തുടങ്ങിയ മുതിർന്ന നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കരുതി. എന്നാൽ അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല.
ജാതി സമവാക്യം മുതലെടുത്ത ബിജെപി
ഹരിയാനയിലെ ജാട്ട് ഇതര വോട്ടുകൾ പെട്ടിയിലാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളുടെ വിജയം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം. സംസ്ഥാനത്തെ ജാതിസമവാക്യം കൃത്യമായി മനസിലാക്കാൻ ബിജെപിക്ക് സാധിച്ചു. ജാട്ട് വിഭാഗം എപ്പോഴും ഹരിയാനയിൽ കൃത്യമായ ഒരു വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുൻകയ്യെടുക്കാറുണ്ട്. കോൺഗ്രസിന് എക്കാലത്തും വലിയ പിന്തുണ നൽകിയ വിഭാഗം കൂടിയാണ് ജാട്ട്. ഒരു കാലത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാൻ പോലും ജാട്ട് വിഭാഗത്തിന് സാധിച്ചിരുന്നു. സംസ്ഥാനത്ത് 33 വർഷം ജാട്ട് വിഭാഗത്തിലുള്ള മുഖ്യമന്ത്രിമാർ ഭരിച്ചത് ഈ പറഞ്ഞതിന് ഒരു ഉദാഹരണമായിരുന്നു.
2014ൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയപ്പോഴാണ് ജാട്ട് സമുദായത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ഭൂപീന്ദർ സിംഗ് ഹൂഡയുടെ നീണ്ട ഭരണം അവസാനിപ്പിച്ചത്. ശേഷം ബിജെപി പഞ്ചാബ് ഖത്രി വിഭാഗത്തിലുള്ള മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കുകയായിരുന്നു. 2019ൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നപ്പോൾ ജാട്ട് വിഭാഗക്കാരനും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയോട് പിന്തുണ തേടുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലും ബിജെപിക്ക് നേട്ടം
ഹരിയാനയിലെ ഈ ഹാട്രിക്ക് വിജയം വരാൻ പോകുന്ന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പിറകോട്ടുപോയ ബിജെപിക്ക് മുന്നേറാനുള്ള അവസരമാണ് ഹരിയാന ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഇതിനോടകം വിലയിരുത്തിയിരുന്നു. ഈ വിജയം ഭാവിയിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഡൽഹിയിലും ബിജെപിക്ക് നേട്ടമായേക്കും. നവംബറിൽ നിയമസഭ അവസാനിക്കുന്ന മഹാരാഷ്ട്രയിൽ ഉടൻ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ജാർഖണ്ഡിലും ഉടൻ തിരഞ്ഞെടുപ്പു നടക്കും. രാജ്യതലസ്ഥാനമായ ഡൽഹിയിലും അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കും. 2025 ഫെബ്രുവരിയിൽ ഡൽഹി തിരഞ്ഞെടുപ്പിന് സാക്ഷിയാകുമെന്നാണ് അനുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |