പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ദർശനം നിഷേധിക്കുന്ന തരത്തിൽ വെർച്ചൽ ക്യൂ സ്‌പോട്ട് ബുക്കിംഗ് നിർത്തലാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 41 ദിവസത്തെ വ്രതാനുഷ്ടാനങ്ങളോടെ ഇരുമുടി കെട്ടുമായി അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തരെ തടയാൻ ആർക്കും അവകാശം ഇല്ല. ഇത് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് സമിതി കുറ്റപ്പെടുത്തി. വെർച്ചൽ ക്യൂ സംവിധാനം ഉപയോഗിച്ചുകൊണ്ട് വിവിധ ഏജൻസികൾ അടക്കം പലരും ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാൻ ഈ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കേണ്ടത്. ബുക്കിംഗ് ആരംഭിച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ സാധാരണ ഭക്തന്മാർക്ക് ബുക്ക് ചെയ്യാൻ കഴിയാത്തതും, ഓരോ ദിവസവും ബുക്ക് ചെയ്യപ്പെടുന്നത്തിന്റെ 10 മുതൽ 20% വരെ കുറച്ചു ഭക്തർ മാത്രമാണ് ശബരിമലയിൽ എത്തുന്നതെന്നും മുൻ കാലങ്ങളിൽ നാം കണ്ടതും ഇതിന്റെ തെളിവാണ്.
ശബരിമലയിൽ എത്തുന്ന ഭക്ർക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശബരിമല തീർത്ഥാടനം സുഗമമാക്കാൻ വേണ്ട ഉചിത നടപടികൾ ആണ് സർക്കാരും ദേവസ്വം ബോർഡും സ്വീകരിക്കേണ്ടത്. അടിയന്തിരമായി സ്‌പോട്ട് ബുക്കിംഗ് പുനഃരാരംഭിക്കണം എന്നും ഇതുവഴി മുൻ വർഷങ്ങളിലേതു പോലെ പന്തളത്തും, എരുമേലിയിലും, നിലക്കലും, പമ്പയിലും ഉള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ വഴി ചുരുങ്ങിയത് 10000 പേർക്ക് ദിവസവും ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നും അല്ലാത്തപക്ഷം അയ്യപ്പഭക്ത കൂട്ടായ്മകളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമിതി അറിയിച്ചു. യോഗത്തിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതി സെക്രട്ടറി പൃഥ്വിപാൽ, ദീപ വർമ്മ, നാരായണ വർമ്മ,അനിൽകുമാർ എം ആർ, കെ ആർ രവി, സി. ഡി അനിൽ, ജെ.കൃഷ്ണകുമാർകെ. എൻ.രാജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |