ശബരിമലയിലെ പുതിയ ദർശനസമ്പ്രദായം ഭക്തരെ നിരാശപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതുമാണ്.
ഭഗവാനെ കാണാൻ കാടുംമേടും താണ്ടി ബദ്ധപ്പെട്ട് വരുന്നവർക്ക് ദർശനം നിഷേധിക്കുന്നത് അന്യായമാണ്. മനുഷ്യത്വരഹിതമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തരിൽ എല്ലാപേരും അഭ്യസ്തവിദ്യരോ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരോ അല്ല. ജീവിതപ്രാരാബ്ധങ്ങളിൽ
നെട്ടോട്ടമോടുമ്പോൾ അഭയവും ആശ്വാസവും തേടിവരുന്നവരെ നേരത്തേ ബുക്കു ചെയ്തില്ല എന്ന കാരണംകാട്ടി മടക്കിയയയ‌്ക്കുന്നത് ഭക്തനോടു മാത്രമല്ല ഭക്തപ്രിയനായ ഭഗവാനോടും കാട്ടുന്ന അവഗണനയാണ്.
തിരുപ്പതി മോഡൽ ദർശനം ശബരിമലയിൽ പ്രായോഗികമാക്കുക അത്ര എളുപ്പമല്ല. ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തുന്ന കാനന തീർത്ഥാടനകേന്ദ്രമാണ് ശബരിമല. ഇതു തന്നെയാണ് ശബരിമലയുടെ പ്രത്യേകതയും ആകർഷണീയതയും. ഈ വസ്തുതകൾ കണക്കിലെടുത്തുവേണം ഏതു പരിഷ്കാരവും നടപ്പിലാക്കാൻ.
ശബരിമലയിലെ ദർശനസമ്പ്രദായത്തിൽ കാലാകാലങ്ങളായി മാറ്റങ്ങൾ വന്നിട്ടുണ്ട്. 2018ൽ യുവതീപ്രവേശനം സൃഷ്ടിച്ച ആഴമേറിയ മുറിവുകൾ ഭക്തരുടെ മനസിൽ ഇന്നും ആറാവ്രണമായി കിടപ്പുണ്ട്. അതിനുശേഷമാണ് ശബരിമലയിൽ ദർശനവേളകളിൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ തുടങ്ങിയത്. പതിനെട്ടും ഇരുപതും മണിക്കൂർ ക്യൂവിൽ നിന്ന് തളർന്നവർ നിരാശരായി മടങ്ങേണ്ടിവന്ന കാഴ്ച അയ്യപ്പഭക്തരെ നോവിക്കുന്നതാണ്. ശബരിമലയുടെ പ്രാധാന്യം കെടുത്തി ഭക്തജനപ്രവാഹത്തിന് തടയിടാനുള്ള അണിയറ നീക്കങ്ങൾ കാര്യമായി നടക്കുന്നുണ്ടെന്ന ആരോപണമുയരുന്ന ഈ വേളയിൽ ബന്ധപ്പെട്ട അധികാരികൾ ഒരുമിച്ചിരുന്ന് കൂടിയാലോചിച്ച് അയ്യപ്പദർശനത്തിനുള്ള കടുംപിടുത്തത്തിൽ അയവുവരുത്തണം. ഭക്തരുടെ വികാരത്തിന് പ്രാധാന്യം നൽകിവേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ എടുത്തുചാടി നടപ്പാക്കിയാൽ പ്രശ്നങ്ങൾ ഗുരുതരമാകും. മുൻകൂർ ബുക്കു ചെയ്യാൻ സാധിക്കാതെ അല്ലെങ്കിൽ അതിനുള്ള സാഹചര്യമോ സമയമോ ലഭിക്കാതെ ഭഗവാനെ തൊഴണമെന്ന് അതിയായി ആഗ്രഹിച്ചുവരുന്ന ഭക്തന് ദർശനം നിഷേധിച്ച് നിരാശനാക്കി മടക്കുന്ന നടപടികൾ സർക്കാരിന്റെയോ ബോർഡിന്റെയോ ഭാഗത്തു നിന്ന് ഉണ്ടാകരുത്.
(കേരള ബ്രാഹ്മണസഭ വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |