ന്യൂഡൽഹി: ഹരിയാനയിൽ എക്‌സിറ്റ്‌പോൾ പ്രവചനം ശരിവയ്ക്കും പോലെ കോൺഗ്രസിനൊപ്പമായിരുന്നു രാവിലെ വോട്ടെണ്ണൽ ആരംഭിപ്പിച്ചോഴുള്ള ലീഡ് നില. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി 90ൽ 70 സീറ്റിൽ വരെ ലീഡ്. അതോടെ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് ഉത്സവാന്തരീക്ഷമായി. ഢോലക് വാദ്യക്കാർക്കൊപ്പം പ്രവർത്തകർ നൃത്തമാടി. നേരത്തെ ഓർഡർ നൽകിയ ലഡുവും എത്തി. പ്രവർത്തകർ നേതാക്കൾക്കൊപ്പം മധുരം പങ്കിട്ടു. മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയ ഭൂപീന്ദർ ഹൂഡ സർക്കാർ രൂപീകരണ ചർച്ചയും തുടങ്ങി. മന്ത്രിമോഹവുമായി പല നേതാക്കളും എ.ഐ.സി.സി നേതാക്കളെ ബന്ധപ്പെട്ടു. ഭൂപീന്ദറിനെ വിമർശിച്ച സെൽജ, രൺദീപ് സുർജെവാല ക്യാമ്പുകളിൽ നിരാശ.
11 മണിയോടെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ബി.ജെ.പി പതിയെ മുന്നേറിത്തുടങ്ങി. അപ്പോഴും കോൺഗ്രസ് ക്യാമ്പ് ഭീഷണി മണത്തില്ല. പക്ഷേ കുതിപ്പ് കേവല ഭൂരിപക്ഷമായ 46ഉം കഴിഞ്ഞ് മുന്നോട്ടു പോയതോടെ അങ്കലാപ്പായി. കൊട്ടും മേളവും നൃത്തവും പൊടുന്നനെ നിലച്ചു. നേതാക്കൾ ഓരോരുത്തരായി എ.ഐ.സി.സി ഓഫീസിൽ നിന്നു വലിഞ്ഞു. ഉച്ചയോടെ പാർട്ടി ആസ്ഥാനം ശോകമൂകം.
കോൺഗ്രസിനെ കർഷകർ തള്ളി: മോദി
ഹരിയാനയിലെ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ അവർ തിരിച്ചടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അരാജകത്വം പ്രചരിപ്പിച്ച് രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഡൽഹി പാർട്ടി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് വിജയം ജനഹൃദയത്തിൽ ബി.ജെ.പി ഇടം നേടിയതിന്റെ തെളിവാണ്. രാജ്യത്തിനും ബി.ജെ.പിക്കും ഒപ്പമാണെന്ന് ജനം തെളിയിച്ചു. ബി.ജെ.പിക്ക് ജനഹൃദയങ്ങളിലാണ് സ്ഥാനം. 10 വർഷം ഹരിയാനയിൽ ബി.ജെ.പി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയർന്നില്ല. അടുത്ത അഞ്ച് വർഷം രാജ്യത്ത് ദ്രുതഗതിയിലുള്ള വികസനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |