ന്യൂഡൽഹി : ഹരിയാന പോരിൽ കോൺഗ്രസ് വീണപ്പോഴും പ്രിയപുത്രി വിനേഷ് ഫോഗട്ടിനെ കൈവിട്ടില്ല ജുലാന. മണ്ഡലത്തിൽ നിന്ന് ഗുസ്‌തി താരം 6015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ബി.ജെ.പിയുടെ ക്യാപ്‌റ്റൻ യോഗേഷ് ബൈരാഗിയെയാണ് പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റ ആദ്യ മണിക്കൂറുകളിൽ പിന്നിലായിരുന്നു വിനേഷ്. ഏഴാം റൗണ്ടിലാണ് മുന്നിലെത്തിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒളിമ്പിക്‌സ് മെഡൽ നഷ്‌ടപ്പെട്ടതിന്റെ വേദനയ്‌ക്ക് പിന്നാലെയാണ് ഗുസ്തി വിട്ട് വിനേഷ് രാഷ്ട്രീയ ഗോദയിലിറങ്ങിയത്.
ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകി തെരുവിലിറങ്ങിയിരുന്നു വിനേഷ്. വിനേഷിനൊപ്പം കോൺഗ്രസിൽ ചേർന്ന ഗുസ്‌തി താരം ബജ്‌രംഗ് പൂനിയ അഭിനന്ദിക്കാനെത്തി.
ശപിച്ച് ബ്രിജ് ഭൂഷൺ
സത്യത്തിന്റെ വിജയമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം. എന്നാൽ, എവിടെ പോയാലും നാശമേ ഉണ്ടാകൂവെന്ന് ബ്രിജ്ഭൂഷൺ സിംഗ് ശപിച്ചു. പ്രചാരണത്തിന് തന്റെ പേരും ഉപയോഗിച്ചു. ഹീറോയിനല്ല, വില്ലത്തിയാണെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |