ന്യൂഡൽഹി: പത്തു വർഷ ഇടവേളയ്‌ക്കുശേഷമുള്ള വിധിയെഴുത്തിൽ നാഷണൽ കോൺഫറൻസിനെ ചേർത്തുപിടിച്ച് കാശ്മീരി ജനത. നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ വിളവെടുപ്പിൽ ഭരണം പിടിക്കാനായില്ലെങ്കിലും കരുത്തു കൂട്ടി ബി.ജെ.പി.
ആറു സീറ്റിലൊതുങ്ങി നിരാശപ്പെടുത്തി കോൺഗ്രസ്. എങ്കിലും നാഷണൽ കോൺഫറൻസിനൊപ്പം 'ഇന്ത്യ"മുന്നണിയിലായതിനാൽ ഭരണപങ്കാളിത്തം കിട്ടിയത് ആശ്വാസം. അതേസമയം, 2014ൽ സംസ്ഥാനം ഭരിച്ച പി.ഡി.പിയുടെ പതനമാണ് ജമ്മുകാശ്മീരിലെ ട്രാജഡി.
1972ൽ ഷെയ്ഖ് അബ്‌ദുള്ള സ്ഥാപിച്ച നാഷണൽ കോൺഫറൻസിന്റെ (എൻ.സി) രാഷ്‌ട്രീയ പാരമ്പര്യം മകൻ ഫറൂഖ് അബ്‌ദുള്ള, പൗത്രൻ ഒമർ അബ്‌ദുള്ള എന്നിവരിലൂടെ കോട്ടം തട്ടാതെ മുന്നോട്ട്. കേന്ദ്ര ഭരണപ്രദേശമായ ശേഷവും നാഷണൽ കോൺഫറൻസിലുള്ള വിശ്വാസം ജനം കൈവിട്ടിട്ടില്ലെന്ന് തെളിഞ്ഞിരിക്കുന്നു. മത്സരിച്ച 56ൽ 42 സീറ്റുകളിലും ജയിച്ചു (23.43 ശതമാനം വോട്ട്). 2014ലെ 15 സീറ്റിൽ നിന്നാണീ മുന്നേറ്റം.
ജമ്മുകാശ്‌മീരിന്റെ സ്വത്വം വീണ്ടെടുക്കുമെന്ന വാഗ്‌ദാനമാണ് എൻ.സി ഉയർത്തിയത്. പാർട്ടിയിൽ കുടുംബാധിപത്യമെന്ന ബി.ജെ.പി വിമർശനം ഏശിയില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി ഒമർ മത്സരിച്ച ബുദ്ഗാമിലും ഗന്ദേർബാലിലും ജയിച്ചു. രാഷ്‌ട്രീയ എതിരാളിയായ പി.ഡി.പിയുടെ വോട്ടുകളാണ് നാഷണൽ കോൺഫറൻസിലേക്ക് ഒഴുകിയത്.
12ൽ നിന്ന് 6 ആയി താണ് കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ സമാപന വേദി ജമ്മുകാശ്‌മീരിലാക്കിയ കോൺഗ്രസ് പ്രതീക്ഷിച്ചത് വലിയ മുന്നേറ്റമാണ്. പക്ഷേ, 2014ൽ 12സീറ്റുകളുണ്ടായിരുന്നത് നേർപകുതിയായി കുറഞ്ഞു. വോട്ട് വിഹിതം 18ൽ നിന്ന് 12 ആയും താണു. 38 സീറ്റുകളിൽ മത്സരിച്ചിരുന്നു. സഖ്യകക്ഷിയെങ്കിലും പ്രാദേശിക പാർട്ടിയായ എൻ.സിക്ക് ലഭിച്ച സ്വീകാര്യത കോൺഗ്രസിനെ നിരാശപ്പെടുത്തുന്നു.
വോട്ടു വിഹിതത്തിൽ മുന്നിലെത്തി ബി.ജെ.പി
370-ാം വകുപ്പ് റദ്ദാക്കി, വൻ വികസന പദ്ധതികളാണ് ജമ്മു കാശ്മീർ ജനതയ്ക്ക് ബി.ജെ.പി ഉറപ്പു നൽകിയത്. അടിസ്ഥാന വികസനം പലതും നടപ്പാക്കുകയും ചെയ്തു. ശക്തമായ നടപടികളിലൂടെ ഭീകരവാദത്തിന് നല്ലൊരളവിൽ ശമനമുണ്ടാക്കാനുമായി. നാഷണൽ കോൺഫറൻസ് ഉയർത്തിയ പ്രാദേശിക വികാരത്തിനു മുന്നിൽ പക്ഷേ ലക്ഷ്യം നേടാനായില്ല. എങ്കിലും 2014ലെ 25 സീറ്റിൽ നിന്ന് 29 സീറ്റിലേക്കുയർന്നെന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. മാത്രമല്ല നാഷണൽ കോൺഫറൻസിനേക്കാൾ വോട്ട് വിഹിതം കൂടുതലുമാണ് - 25 ശതമാനം.
അക്കൗണ്ട് തുറന്ന് ആപ്പ് ഒരു സീറ്റിൽ സി.പി.എം
ആം ആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിച്ച് അക്കൗണ്ട് തുറന്നതാണ് മറ്റൊരു പ്രത്യേകത. ദോഡയിൽ പാർട്ടിയുടെ മെഹ്‌റാജ് മാലിക്ക് 4,538 വോട്ടുകൾക്ക് ജയിച്ചു. സി.പി.എം നേതാവ് യൂസഫ് യൂസഫ് തരിഗാമി കുൽഗാമിൽ ജയിച്ചു. 2014ലും അദ്ദേഹം ഇവിടെ ജയിച്ചിരുന്നു. ഏഴു സ്വതന്ത്രരും ജയിച്ചുകയറി. ജമ്മുകാശ്‌മീർ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റു കിട്ടി. സ്വതന്ത്രരും ചെറു പാർട്ടികളും ചേർന്ന് 25ശതമാനത്തിന് മുകളിൽ വോട്ടു പിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |