കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു.താഴത്ത് വരിക്കതിൽ രാജുവാണ്(70) കൊല്ലപ്പെട്ടത്. മകൻ അശോകനെ (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.45നായിരുന്നു സംഭവം. അശോകൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും മാത്രം താമസിക്കുന്ന വീട്ടിൽ ബഹളം പതിവാണ്. ഇന്നലെ രാവിലെ ബഹളംകേട്ട് നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോൾ അശോകൻ വാതിൽ അകത്ത് നിന്ന് പൂട്ടി.
തുടർന്ന് എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രാജുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ ചത്തു കിടക്കുകയാണെന്നായിരുന്നു പൊലീസ് പിടികൂടുമ്പോൾ അശോകന്റെ പ്രതികരണം.
ഓൺലൈനിലൂടെ ഫ്രീലാൻസ് ഡിസൈൻ ജോലികൾ ചെയ്തിരുന്ന അശോകൻ ബൾഗേറിയൻ സ്വദേശിയുമായി അടുപ്പത്തിലാവുകയും 12 വർഷം മുന്നേ ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. വിദേശത്തേക്ക് പോയെങ്കിലും ലഹരി ഉപയോഗം തുടർന്നതോടെ ഇവരുമായി വഴക്കായി. നാലു വർഷം മുൻപ് അശോകൻ തിരികെ പോന്നു. ലഹരി ഉപയോഗം മൂലം അക്രമാസക്തനായ അശോകനെ പൊലീസ് പലതവണ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. അശോകന് ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്നതെല്ലാം രാജുവായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനാൽ അമ്മ മറ്റൊരിടത്താണ്. മൃതദേഹം കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിമോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |