വള്ളികുന്നം: പത്രക്കെട്ടെടുക്കാനെത്തിയ കേരളകൗമുദി ഏജന്റിനെ കവർച്ചയ്ക്കിരയാക്കുകയും ചെറുത്തുനിന്നപ്പോൾ മുഖത്ത് അടിച്ച് മൂക്ക് കടിച്ചെടുക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ 3.30ഓടെയാണ് കിണറുമുക്കിൽ വച്ച് ആലപ്പുഴ വള്ളികുന്നം സ്വദേശി സഹദേവൻ(70) ആക്രമണത്തിനിരയായത്.
വിതരണത്തിനുള്ള പത്രക്കെട്ട് എടുക്കാനായി കിണറുമുക്കിലെത്തിയ സഹദേവൻ,സ്കൂട്ടർ റോഡരികിൽ വച്ചശേഷം റോഡ് മുറിച്ച് കടക്കവേയാണ് യുവാവ് പോക്കറ്റിലുണ്ടായിരുന്ന 1500രൂപ കവരാൻ ശ്രമിച്ചത്. പ്രതിരോധിച്ച സഹദേവന്റെ കഴുത്തിൽ പിന്നിലൂടെ കൈയിട്ട് വട്ടം പിടിച്ചശേഷം സമീപത്തെ വെയിറ്റിംഗ് ഷെഡിലേക്ക് വലിച്ചുകൊണ്ടുപോയി. രക്ഷപ്പെടാൻ സഹദേവൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പ്രതിരോധം ശക്തമായതോടെ യുവാവ് സഹദേവന്റെ മുഖത്ത് അടിക്കുകയും മൂക്കിന്റെ ഇടതുവശം കടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പോക്കറ്റിൽ നിന്ന് പണം അപഹരിച്ച് യുവാവ് രക്ഷപ്പെട്ടു. പിന്നീട് പരിക്കേറ്റനിലയിൽ കണ്ടെത്തിയ സഹദേവനെ ചെറുമകൻ അഭിരാമും മറ്റൊരുഏജന്റായ ഷാഹുൽ ഹമീദും പത്രവിതരണക്കാരും ചേർന്ന് ചൂനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സഹദേവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. വള്ളികുന്നം സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം കിണറുമുക്കിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവശേഷം യുവാവ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |