ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഭാഗമായി നിർമിച്ച പ്രാർത്ഥനാഹാളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വന്ദനയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ക്ലിനിക്ക് വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് സമർപ്പിക്കും.
വന്ദനയുടെ ഓർമയ്‌ക്കായി മാതാപിതാക്കളാണ് ക്ലിനിക്ക് സ്ഥാപിച്ചത്. കുറഞ്ഞ ചെലവിൽ ആളുകൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് വന്ദനയുടെ മാതാപിതാക്കളുടെ ലക്ഷ്യം. മുത്തച്ഛന്റെ വീടിനടുത്ത് ഒരു ക്ലിനിക്ക് വേണമെന്ന് വന്ദന മുമ്പ് പലപ്പോഴും പറയുമായിരുന്നെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.
'മോളുടെ ഒരാഗ്രഹം നിറവേറ്റുന്ന ചടങ്ങാണ് കഴിഞ്ഞത്. സുരേഷ് ഗോപി സാർ ഇവിടെ നേരിട്ട് വരാമെന്ന് നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. സമയക്കുറവുണ്ടായിട്ടുപോലും ഇവിടെത്തി. അദ്ദേഹത്തിന് ഇന്ന് ഡൽഹിയിലേക്ക് എത്തേണ്ടതായിരുന്നു. പക്ഷേ നമ്മുടെ മോളുമായിട്ടുള്ള അറ്റാച്ച്‌മെന്റും നമ്മളോടുള്ള സ്‌നേഹവും കൊണ്ടാണ് ഇവിടെ എത്തിയത്. നാളെ മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്. മോളുടെ കൂടെ പഠിച്ചവരുടെയും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയുമൊക്കെ സേവനം ലഭിക്കും.'- വന്ദനയുടെ പിതാവ് മോഹൻദാസ് പറഞ്ഞു.
'വന്ദനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ക്ലിനിക്ക്. മോള് വല്ലപ്പോഴുമൊക്കെ ഇവിടെ വരുമായിരുന്നു. റൂറൽ ഏരിയയാണ്. വലിയ സിറ്റികളിൽ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രികളുണ്ട്. ഇവിടങ്ങളിലാണ് എന്റെയും കൂട്ടുകാരുടെയുമൊക്കെ സേവനം വേണ്ടതെന്ന് അവൾ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാണ് ഇവിടെ ഞങ്ങളാൽ ആകുന്ന വിധത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നത്.'- വന്ദനയുടെ അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |