മുൾട്ടാൻ: പാകിസ്ഥാനിൽ പര്യടനത്തിനെത്തിയ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിന് നന്ദിയറിയിച്ച് ആരാധകർ. ബാനറിലൂടെ നന്ദി പറയുന്നെങ്കിലും ഇത് ഇന്ത്യയ്‌ക്ക് നേരെയുള്ള കടുത്ത പരിഹാസമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പാക് ആരാധകരുടെ ബാനർ ഇന്ത്യയുടെ ചിരവൈരികളായ ഇംഗ്ളീഷ് ഫാൻസ് ഗ്രൂപ്പ് ബാർനി ആർമിയും ഷെയർ ചെയ്‌തിട്ടുണ്ട്. 'പ്രിയപ്പെട്ട 170-0, 152-0ലേക്ക് വന്നതിന് വളരെ നന്ദി' എന്നാണ് ബാനറിലുള്ളത്.
2021ലെയും 2022ലെയും ട്വന്റി 20 ലോകകപ്പുകളിൽ ഇംഗ്ളണ്ടും പാകിസ്ഥാനും ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതിന്റെ സ്കോറുകളായിരുന്നു ഇവ. 2021 ഒക്‌ടോബർ 24ന് ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ 13 പന്ത് ശേഷിക്കവെ വിക്കറ്റ് നഷ്‌ടം കൂടാതെ മറികടന്നിരുന്നു. ഒരു വർഷത്തിന് ശേഷം 2022 ട്വന്റി 20 ലോകകപ്പിൽ അഡലൈഡ് ഓവലിലെ സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും പോകാതെ ഇംഗ്ളണ്ട് 16 ഓവറിൽ മറികടന്നതാണ് രണ്ടാമത് സ്‌കോർ.
അതേസമയം ടെസ്റ്റ് മത്സരം നടക്കുന്ന മുൾട്ടാനിൽ ഒന്നാം ഇന്നിംഗ്സിൽ പാകിസ്ഥാൻ 556 റൺസാണ് നേടിയത്. ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ളണ്ട് ബാറ്റിംഗ്‌നിര പാക് ബൗളർമാരെ കണക്കിന് പ്രഹരിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. നിലവിൽ 14 റൺസ് ലീഡ് നേടിക്കഴിഞ്ഞ ഇംഗ്ളണ്ട് ഇതുവരെ മൂന്ന് വിക്കറ്റ് മാത്രമേ നഷ്‌ടപ്പെടുത്തിയുള്ളൂ. ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ടും (220), ഹാരി ബ്രൂക്കുമാണ് (175) ഇപ്പോൾ ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |