മുംബയ്: ഇന്ത്യയുടെ സ്വന്തം കാറാണ് ടാറ്റയുടെ കാറുകൾ. വിലക്കുറവിലും പെർഫോമൻസിലും സുരക്ഷയിലും ടാറ്റയെ വെല്ലാൻ ആരുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ശരിക്കും വോക്കൽ ഫോർ ലോക്കൽ. ഇത്രയും ശക്തമായ അവസ്ഥയിലേക്ക് ടാറ്റ വാഹനങ്ങൾ എത്തിയതിനുപിന്നിൽ രത്തൻ ടാറ്റയുടെ പൊരുതാനുള്ള മനസുമാത്രമായിരുന്നു.
കാർ നിർമാണ രംഗത്തേക്ക് ടാറ്റ ചുവടുവയ്ക്കുമ്പോൾ അമേരിക്കൻ വാഹന ഭീമനായ ഫോർഡ് അടക്കമുളളവയായിരുന്നു ഇന്ത്യൻ വാഹനവിപണി അടക്കിവാണിരുന്നത്. വാഹനനിർമാണത്തിന്റെ എ ബി സി ഡി അറിയാത്തവർ എന്ന് ടാറ്റയെ കളിയാക്കിയ ഫോർഡ് പിന്നീട് ടാറ്റകാറുകളുടെയടക്കം കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിയതും ചരിത്രം. ഫോർഡ് പോയത് വേറെ ചില കാരണങ്ങൾ കൊണ്ടാണെന്നും പറഞ്ഞുകേൾക്കുന്നുണ്ട്.
രാജ്യത്ത് തദ്ദേശീയമായി രൂപകല്പന ചെയ്തതും നിർമ്മിച്ചതുമായ ആദ്യകാറായ ടാറ്റ ഇൻഡിക്ക രത്തൻ ടാറ്റയുടെ ഒരു സ്വപ്ന പദ്ധതിയായിരുന്നു. ആദ്യത്തെ ടാറ്റ ഇൻഡിക്കയെ അസംബ്ലി ലൈനിൽ നിന്ന് പുറത്തേക്ക് ഓടിച്ചുകൊണ്ടുവന്നതും രത്തൻ ടാറ്റയായിരുന്നു. പക്ഷേ, സ്വപ്ന പദ്ധതി തുടക്കത്തിലേ പാളുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. തീർത്തും നിരാശാജനകമായിരുന്നു വിപണിയിലെ പെർഫോമൻസ്. വളരെ കുറച്ചുയൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെത്തിയതോടെ ഇനിയും കൈപൊള്ളാതെ ടാറ്റാ മോട്ടേഴ്‌സിന്റെ കാർ ഡിവിഷൻ വിൽക്കാൻ തന്നെ രത്തൻടാറ്റ തീരുമാനിച്ചു.
വാഹന നിർമാണ രംഗത്തെ ഭീമനായ ഫോർഡിനെയായിരുന്നു ടാറ്റ സമീപിച്ചത്. 1999ൽ ആയിരുന്നു അത്. ഫോർഡിന്റെ ചെയർമാൻ ബിൽ ഫോർഡുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി ഒരു ടീമിനൊപ്പം രത്തൻ ടാറ്റ ഡെട്രോയിറ്റിലേക്ക് പോയി. മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കളിയാക്കുകയും ടീമിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ബിൽ ഫോർഡിന്റെ പെരുമാറ്റം. ടാറ്റാ മോട്ടേഴ്സിന് കാർ വ്യവസായത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഈ രംഗത്തേക്ക് കടക്കാൻ പാടില്ലായിരുന്നു എന്നും കേട്ടതോടെ രത്തൻ ടാറ്റ തീർത്തും നിരാശനായി.
ഇനി എന്ത് എന്ന് ചോദിച്ചവരോട് കാർ യൂണിറ്റ് വിൽക്കുന്നില്ല എന്ന തീരുമാനമാണ് രത്തൻ ടാറ്റ അറിയിച്ചത്. പുതിയ നിശ്ചയദാർഢ്യത്തോടെയായിരുന്നു അദ്ദേഹവും സംഘവും ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ ആദ്യം ചെയ്തത് ടാറ്റാ മോട്ടേഴ്സിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് ആദ്യം മനസിലാക്കി. പിന്നെ അത് എങ്ങനെ മറികടക്കാമെന്ന് പഠിച്ചു. അത് നടപ്പാക്കി. വീണ്ടും പ്രശ്നങ്ങൾ കണ്ടപ്പോൾ അതിനെക്കുറച്ചും പഠിച്ചു. അങ്ങനെ പ്രശ്നങ്ങൾ ഒന്നൊന്നായി നീക്കി ടാറ്റ കാർ വിപണിയിലെ വമ്പൻമാരിലൊരാളായി. ഒരു അന്താരാഷ്ട്ര ബന്ധവും ഇല്ലാതെ തന്നെ.
ടാറ്റയുടെ വളർച്ചയെക്കുറിച്ചുള്ള രത്തൻ ടാറ്റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു: 'ഒരു സംയുക്ത സംരംഭമോ ഒരു അന്താരാഷ്ട്ര കമ്പനിയുമായി പങ്കാളിത്തമോ ഇല്ലാതെ ഇത് ചെയ്യാൻ കഴിയില്ലെന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞു. ഞാൻ ഇത് ചെയ്താൽ, ഞാൻ പരാജയവുമായി ബന്ധിപ്പിക്കപ്പെടും. എങ്കിലും മുന്നോട്ട് പോയി. ഞങ്ങൾ പഠിച്ച പാഠങ്ങൾ പലതായിരുന്നു.ഓരോന്നും പുതിയ വഴിത്തിരിവായി മാറിയത് ഒരു നല്ല അനുഭവമായിരുന്നു. ഉപേക്ഷിക്കാനുള്ള അവസരങ്ങൾ പലതായിരുന്നു. ഞങ്ങൾ തുടർന്നു.അങ്ങനെയാണ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ കാറായ ടാറ്റ ഇൻഡിക്കയുടെ പിറവി'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |