പന്തളം: താരാട്ടുപാട്ട് കേൾക്കേണ്ട പ്രായത്തിൽ ശിവഹരി ഉറങ്ങിയത് സോപാനസംഗീതം കേട്ടാണ്. ഇഴയുന്ന പ്രായമായപ്പോൾ അത് കേട്ടില്ലെങ്കിൽ ഉറങ്ങില്ലെന്നായി. ഉറ്റവർക്കെല്ലാം അമ്പോറ്റിയാണ് ശിവഹരി.
മാലക്കര സ്‌കൂളിൽ അദ്ധ്യാപികയാണ് മാതാവ് പ്രിയ എസ്.പിള്ള. അമ്മ സ്കൂളിൽ പോകുമ്പോൾ കുട്ടിയെ ഉറക്കാനായി മുത്തച്ഛനും മുത്തശ്ശിയും പിതാവും കണ്ടുപിടിച്ച വഴിയായിരുന്നു സോപാനസംഗീതം. അത് ശിവഹരിയുടെ (അമ്പോറ്റി) ഹൃദയതാളമായി മാറി.
ബാല്യത്തിലേ ഇടയ്ക്ക പഠിച്ച ശിവഹരി അഞ്ചാം വയസിൽ സോപാനഗായകനായി. പന്തളം മഹാദേവക്ഷേത്രത്തിൽ അരങ്ങേറ്റവും കുറിച്ചു. ചെണ്ടവാദകനായ പിതാവ് പന്തളം തെക്കേഇല്ലത്ത് കലാമണ്ഡലം രാജേഷ് ഇവിടെ കാരായ്‌മ കൈസ്ഥാനീയനാണ്.
സോപാന സംഗീതത്തോടുള്ള താത്പര്യം മനസിലാക്കി മകനെ അത് കേൾപ്പിക്കാൻ പതിവായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്നു രാജേഷ്. കളിച്ചെണ്ടയുമായെത്തി ശിവഹരിയും പാടാൻ തുടങ്ങി. കളിച്ചെണ്ട ഉപയോഗിക്കുന്നത് ആചാരവിരുദ്ധമാണെന്നറിഞ്ഞതോടെ രാജേഷ് മകന് ഭാരംകുറഞ്ഞ ഇടയ്ക്ക നിർമ്മിച്ചുകൊടുത്തു. ശിവഹരിയുടെ താത്പര്യമറിഞ്ഞതോടെ ക്ഷേത്രത്തിലെ സോപാന ഗായകനായ ഹരിപ്പാട് അഖിൽ യശ്വന്ത് ഗുരുവായി. കഴിഞ്ഞ ചിങ്ങം ഒന്നിന് അഖിൽ യശ്വന്തിന്റെയും സോപാന ഗായകനായ അമ്പലപ്പുഴ വിജയകുമാറിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു അരങ്ങേറ്റം. ഇപ്പോൾ സമീപ ക്ഷേത്രങ്ങളിലും ശിവഹരി സോപാന സംഗീതം അവതരിപ്പിക്കുന്നുണ്ട്.
ഗണപതി സ്തുതിയായ 'പൊരിമലർ 'എന്ന് തുടങ്ങുന്ന സോപാനസംഗീതമാണ് ഏറെ ഇഷ്ടം. ശിവസ്‌തുതികൾ, അയ്യപ്പസ്തുതികൾ, കൃഷ്ണസ്തുതികൾ എന്നിവയും പാടുന്നു. രണ്ടുവയസുള്ള സഹോദരൻ ശിവദത്തിനും ഇടയ്ക്കയോട് താത്പര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |