സ്റ്റോക്കോം: ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന് ( 53) ഇക്കൊല്ലത്തെ സാഹിത്യ നോബൽ. ദക്ഷിണ കൊറിയയിൽ എത്തുന്ന ആദ്യത്തെ സാഹിത്യ നോബലാണിത്.
‘ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹാൻ കാംഗിനു അവബോധമുണ്ട്. കാവ്യാത്മകമായ ഗദ്യത്തിന്റെ തീവ്രതയിലൂടെ ചരിത്രപരമായ ആഘാതങ്ങളും മനുഷ്യജീവിതത്തിന്റെ ദൗർബല്യവും തുറന്നുകാട്ടുന്നതാണ് രചനകളെന്ന് നോബൽ സമിതി വിശേഷിപ്പിച്ചു.
11 ലക്ഷം ഡോളറാണ് പുരസ്കാരത്തുക.
പ്രശസ്ത ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാൻ സെംഗ് വോണിന്റെ മകളാണ് ഹാൻ കാംഗ്. യോൻസി സർവകലാശാലയിൽ കൊറിയൻ സാഹിത്യം പഠിച്ച ഹാൻ കവിതകളാണ് തുടക്കത്തിൽ എഴുതിയത്. 1993ൽ സോളിലെ ശീതകാലം എന്ന പ്രശസ്ക കവിത ഉൾപ്പെടുന്ന ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. പിറ്റേവർഷം റെഡ് ആങ്കർ എന്ന നോവൽ സോൾ സാഹിത്യ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. ഫ്രൂട്സ് ഓഫ് മൈ വുമൺ, ഫയർ സലമാൻഡർ എന്നീ കഥാസമാഹാരങ്ങളും ബ്ലാക് ഡീർ, യുവർ കോൾഡ് ഹാൻഡ്സ്, ദ വെജിറ്റേറിയൻ, ബ്രെത്ത് ഫൈറ്റിങ്, ഗ്രീക്ക് ലെസൺസ്, ഹ്യൂമൻ ആക്ട്സ്, ദ വൈറ്റ് ബുക്ക്, ഐ ഡു നോട്ട് ബിഡ് ഫെയർവെൽ എന്നീ നോവലുകളും ഐ പുട് ദ ഈവനിംഗ് ഇൻ ദി ഡ്രോവർ എന്ന കവിതാ സമാഹാരവും പുറത്തിറക്കി.
ദ വെജിറ്റേറിയൻ 2016ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടി. ആദ്യമായാണ് ബുക്കർ പുരസ്‌കാരം ദക്ഷിണകൊറിയയിൽ എത്തിയത്.
സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർസിൽ ക്രിയേറ്റീവ് റൈറ്റിംഗ് അദ്ധ്യാപികയായ ഹാൻ സംഗീതജ്ഞയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |