നെയ്യാറ്റിൻകര: പാറശാല ഷാരോൺ വധക്കേസിലെ വിചാരണ 15ന് നെയ്യാറ്റിൻകര കോടതിയിൽ ആരംഭിക്കും. പ്രണയത്തിൽ നിന്ന് പിൻമാറാൻ വിസമ്മതിച്ച റേഡിയോളജി വിദ്യാർത്ഥിയും പാറശാല മുരിയൻകര സ്വദേശിയുമായ ഷാരോൺ രാജിനെ 2022 ഒക്ടോബർ14ന് രാവിലെ പത്തരയോടെ തന്ത്രത്തിൽ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറാണ് കേസ് പരിഗണിക്കുന്നത്.
തട്ടിക്കൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കൽ, പൊലീസിന് വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കുറ്റപത്രം. 2022 മാർച്ചിൽ മിലിട്ടറി ഉദ്യോഗസ്ഥനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.അസ്വാഭാവിക മരണത്തിന് പാറശാല പൊലീസ് ആദ്യം കേസെടുത്തു അന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ പരാതിയിന്മേൽ റൂറൽ എസ്.പി ക്രൈം ബ്രാഞ്ചിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തു. റൂറൽ എസ്.പി ഡി.ശില്പയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.അഡീഷണൽ എസ്.പി സുൽഫിക്കർ,ഡി.വൈഎസ്.പി മാരായ ജോൺസൺ,രാസിത്ത് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. ഈ കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ക്രിമിനൽ അഭിഭാഷകൻ വി.എസ്.വിനീത് കുമാറിനെ നിയമിച്ച് ഉത്തരവ് ഇറക്കിയിരുന്നു.ഗ്രീഷ്മ ഉൾപ്പെടെ എല്ലാപ്രതികളും ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |