പള്ളുരുത്തി: മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ പ്ലേ സ്‌കൂളിൽ മൂന്നര വയസുകാരന്റെ മുതുകിൽ ചൂരലിന് അടിച്ച അദ്ധ്യാപികയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മി (36)ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരമാണ് കേസ്.
സ്‌കൂൾ വിട്ട് വന്ന കുട്ടിയുടെ മുതുകിൽ കരുവാളിച്ച ചൂരൽപ്പാടുകൾ വീട്ടുകാർ കണ്ടു. ചികിത്സയ്‌ക്ക് എത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിലറിയിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തു.
പ്ലേസ്‌കൂളിലെ താത്കാലിക അദ്ധ്യാപികയാണ് എം.എ, ബി.എഡ് യോഗ്യതയുള്ള സീതാലക്ഷ്മി. കൊച്ചി മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. സീതാലക്ഷ്മിയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.
ഒരു മാസമായി കുട്ടി സ്‌കൂളിൽ പോകാൻ ഭയപ്പെട്ടിരുന്നെന്നും മുമ്പും കുട്ടിയുടെ ദേഹത്ത് അടിയുടെ പാടുകൾ കണ്ടിരുന്നെന്നും മാതാവിന്റെ പരാതിയിയിലുണ്ട്. .
കേസെടുത്ത് ബാലാവകാശ കമ്മിഷൻ
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.. പൊലീസിനോട്റിപ്പോർട്ട് ആവശ്യപ്പെടും. കുട്ടിയുടെ സുരക്ഷയും മറ്റ് കാര്യങ്ങളും നിരീക്ഷിച്ച് ആവശ്യമായത് ചെയ്യാൻ ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തുമെന്നും കമ്മിഷൻ വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |