സംഭവം നേരിൽക്കണ്ട ജീവനക്കാരെ കേൾക്കുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൂപ്രണ്ട് മാനസികമായി പീഡിപ്പിച്ചതിനു പിന്നാലെ ഹെഡ് നഴ്സ് കുഴഞ്ഞു വീണെന്ന് പരാതി ഉയർന്ന സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) അന്വേഷണം പുരോഗമിക്കുന്നു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞുവീണ ഹെഡ് നഴ്സ് ശ്രീലേഖയുടെ തല ഓപ്പറേഷൻ ടേബിളിൽ തട്ടി പരിക്കേറ്റെന്നാണ് പരാതി. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ സംഭവം നേരിൽക്കണ്ട ജീവനക്കാരിൽ പലരെയും ഒഴിവാക്കിയാണ് മൊഴിയെടുത്തതെന്നാണ് ആക്ഷേപം. അന്ന് ഓപ്പറേഷൻ തിയേറ്രറിന് പുറത്ത് ജോലി ചെയ്തവരെയാണ് മൊഴി നൽകാനായി ഡി.എം.ഒയുടെ അടുത്തേക്ക് അയച്ചതെന്ന് മറ്റു ജീവനക്കാർ പറയുന്നു.സംഭവം നേരിൽ കണ്ടവരെ ഒഴിവാക്കി ആരോപണവിധേയരായ സൂപ്രണ്ട് ഡോ.ശാന്ത,ഡെപ്യൂട്ടി സൂപ്രണ്ട് സ്വപ്ന,ആർ.എം.ഒ ഡോ.ശ്രീകല എന്നിവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കേരള ഗവ.നഴ്സസ് അസോസിയേഷനും (കെ.ജി.എൻ.എ) ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അതിനിടെ ഹെഡ് നഴ്സ് ശ്രീലേഖയെ ഓപ്പറേഷൻ തിയേറ്ററിന് പുറത്തേക്ക് മാറ്റി നിയമിക്കാൻ ആശുപത്രി അധികൃതർ ആലോചന തുടങ്ങിയെന്നാണ് വിവരം. പരാതിപ്പെട്ടതിന്റെ പേരിൽ നടപടിയെടുത്താൻ ശക്തമായി നേരിടുമെന്നും കെ.ജി.എൻ.എ ഭാരവാഹികൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |