വൻകിട വ്യവസായിയായിരുന്നിട്ടും രത്തൻ ടാറ്റ ചെയ്ത കാര്യങ്ങളൊന്നും പബ്ലിസിറ്റി നോക്കിയായിരുന്നില്ല. അദ്ദേഹം അത് ആരെയും അറിയിച്ചിരുന്നില്ല. ആ ഒരു മൂല്യമാണ് ഏറ്റവും മികച്ചതായി ഞാൻ കാണുന്നത്. കേരളത്തിൽ ടാറ്റ കൊണ്ടുവന്ന സംഭാവനകളെക്കുറിച്ച് നോക്കുമ്പോൾ ഏറ്റവും വലുതായി ചൂണ്ടിക്കാട്ടാനുള്ളത് കണ്ണൻ ദേവൻ എസ്റ്റേറ്റാണ്. അത് ടാറ്റയുടെ ഉടമസ്ഥതയിലായിരുന്നെങ്കിലും ഇപ്പോൾ അതിന്റെ ഭൂരിഭാഗം ഷെയറുകളും അവിടുത്തെ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഒരു കമ്പനിയുടെ കൈയിലാണ്. മൂന്നാറിലെ തേയില എസ്റ്റേറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുള്ള സൃഷ്ടി എന്ന സ്ഥാപനവും ഈ കരുതലാണ് വെളിപ്പെടുത്തുന്നത്. സൃഷ്ടിയുടെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കുന്നവയുടെ പേരും പെരുമയും ഇന്ന് ആഗോള രംഗങ്ങളിൽ വരെ എത്തിയിട്ടുണ്ട്.
താജ് ഹോട്ടലുകളുടെ വരവ്
ഇ.കെ.നായനാർ മുഖ്യമന്ത്രിയും കെ.ആർ.ഗൗരിഅമ്മ വ്യവസായ മന്ത്രിയുമായിരുന്ന 1990കാലത്ത് കെൽട്രോണിന്റെ ആദ്യകാല ചെയർമാനായ കെ.പി.പി.നമ്പ്യാർ മുഖേനെയാണ് രത്തൻ ടാറ്റയെ ആദ്യമായി കേരളത്തിലേക്കെത്തിക്കുന്നത്. കെ.പി.പി.നമ്പ്യാരും രത്തൻ ടാറ്റയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുണ്ടായിരുന്നത്. അദ്ദേഹത്തെ രത്തൻ എന്നു വിളിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു കെ.പി.പി.നമ്പ്യാർ. ടാറ്റയുടെ വരവിന് ശേഷം കേരള സർക്കാരും ഇന്ത്യ ഹോട്ടൽസും ചേർന്ന് ഒരു ജോയിന്റ് വെഞ്ച്വർ തുടങ്ങുകയും കുമരകം,വർക്കല,കൊച്ചി,മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ താജ് ഹോട്ടലുകൾ ആരംഭിക്കുകയും ചെയ്തു.
ടെക്നോപാർക്കിന് പിന്നിലും
ടെക്നോപാർക്കിന്റെ പ്രീ ഫീസിബിലിറ്റി റിപ്പോർട്ടും വിശദമായ പദ്ധതി രേഖയും തയ്യാറാക്കിയത് ടാറ്രാ കൺസൾട്ടൻസി സർവീസാണ്. തുച്ഛമായ തുക മാത്രമേ അതിന് അവർ വാങ്ങിയുള്ളൂ. അത് കെ.പി.പി.നമ്പ്യാരുമായുള്ള അടുപ്പവും എസ്.പി.കൊഹ്‌ലി എന്ന ടി.സി.എസ് ഹെഡിന്റെ പ്രത്യേക താത്പര്യവുമായിരുന്നു. ലോകവ്യാപകമായുള്ള ടി.സി.എസിന്റെ പ്രധാന പരിശീലനമെല്ലാം തിരുവനന്തപുരത്താണ് നടത്തിയിരുന്നത്. ഇപ്പോൾ ടി.സി.എസിന്റെ ഒരു വലിയ പ്രോജക്ട് ടെക്നോ സിറ്റി ഫേസ്-4ൽ ആരംഭിക്കുന്നുണ്ട്. ഇതുവരെയുള്ള പ്രോജക്ടുകളിൽ ഏറ്റവും വലുതും എയ്റോ സ്‌പേസ് അടക്കമുള്ള വിശാലവുമായ പദ്ധതിയാണ് ടാറ്റയുടേതായി കൊണ്ടുവരുന്നത്.
യാഥാർത്ഥ്യമാകാത്ത ഹോസ്‌പിറ്റൽ ചെയിൻ
ഒരു വർഷം മുമ്പാണ് ഞാനും മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറും കിംസിലെ ഡോ.സഹദുള്ളയുമെല്ലാം ചേർന്ന് അദ്ദേഹത്തെ അവസാനമായി സന്ദർശിച്ചത്. കൊവിഡിന്റെ സമയത്ത് ടാറ്റ ഒരു ആശുപത്രി താത്കാലികമായി കാസർകോട് ഉണ്ടാക്കിയിരുന്നു. അത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. അതിനുപകരം സ്വകാര്യ മേഖലയിൽ അതേപോലെയുള്ള ഒരു ആശുപത്രി എന്ന ആശയവുമായാണ് അന്ന് തങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചത്. അന്ന് ഇന്ത്യയിൽ ഒരു ഹോസ്‌പിറ്റൽ ചെയിൻ ഉണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ എല്ലാവർക്കും ചികിത്സ ലഭ്യമാകുകയും പണമില്ലാത്തത് കൊണ്ട് ആർക്കും ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാലത് പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ലെന്നതാണ് ദുഃഖകരമായ വസ്‌തുത.
(ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |