ബെയ്റൂത്ത്: ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ ബുർജ് അബി ഹൈദർ ഏരിയയിലെ എട്ട് നില കെട്ടിടം പൂർണമായും നിലംപൊത്തിയതായി ലെബനീസ് അധികൃതർ പറഞ്ഞു. റാസ് അൽ-നബാ, ബുർജ് അബി ഹൈദർ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന അക്രമങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾക്ക് വീടുവിട്ട് പോകേണ്ടി വന്നു. ലെബനന്റെ തെക്കൻ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
വ്യോമാക്രമണം കൂടാതെ തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഒക്ടോബർ ഒന്നുമുതൽ ഇസ്രയേൽ കരയാക്രമണവും നടത്തുന്നുണ്ട്. തെക്കൻ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങൾക്ക് നേരെ ഇസ്രയേലി സേന വെടിയുതിർക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ളയെ ഒഴിവാക്കിയില്ലെങ്കിൽ ഗാസയെ പോലെ തകർത്തു കളയുമെന്ന് ലെബനന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു. ഹിസ്ബുള്ളയെ ലെബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരും. കൂടുതൽ നാശങ്ങൾ ഒഴിവാക്കാൻ ഹിസ്ബുള്ളയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും വീഡിയോ സന്ദേശത്തിൽ നെതന്യാഹു ലെബനീസ് ജനതയോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |