തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലത്താണ് സംഭവം. കരവാരം തോട്ടയ്‌ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു ദാരുണമായ സംഭവം. വീട്ടിൽ പൂജ വയ്‌ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്ന് അനേഷിന്റെ മൂത്ത സഹോദരന്റെ കുട്ടികൾ റംബൂട്ടാൻ എടുത്തിരുന്നു. ഇതിന്റെ തൊലി കളഞ്ഞ് കുട്ടികൾ കഴിക്കാനായി കുഞ്ഞിന് വായിൽ വച്ച് കൊടുക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ്. ഉടൻതന്നെ മാതാവും ബന്ധുക്കളും ചേർന്ന് കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്‌ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തു.
കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്‌എടി ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാർ സാദ്ധ്യമായതെല്ലാം ചെയ്‌തെങ്കിലും ഇന്ന് വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |