കോഴിക്കോട്: വേഗത്തിലെത്താൻ ട്രാഫിക് മുന്നറിയിപ്പ് ബോർഡ് ചാടിക്കടന്നുള്ള വാഹനങ്ങളുടെ ഓട്ടത്തിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. വികസന പ്രവൃത്തി നടക്കുന്ന ദേശീയപാതയിലെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കുന്ന വാഹന യാത്രക്കാർക്കാണ് മുക്കുകയർ വീഴാൻ പോകുന്നത്. സിഗ്നലുകൾ തെറ്റിച്ചും നിയമ ലംഘനം നടത്തിയും വാഹനങ്ങൾ അപകടകരമായി പായുന്ന പ്രവണത വ്യാപകമായതിനെ തുടർന്നാണ് ശക്തമായ നടപടിയുമായി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ ലൈസൻസ് ഉൾപ്പെടെ സസ്‌പെൻഡ് ചെയ്യും.
വെങ്ങളം- രാമനാട്ടുകര ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തികളുടെ ഭാഗമായി പലയിടത്തും സ്ഥാപിച്ച ട്രാഫിക് ബോർഡുകൾ അനുസരിച്ചാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. എന്നാൽ ലക്ഷ്യത്തിലെത്താൻ അൽപ ദൂരം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്നതിനാൽ പലരും എളുപ്പവഴി തെരഞ്ഞെടുക്കുകയാണ്. ഇത് അപകടത്തിന് കാരണമാകുന്നതായാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
ബൈപാസിൽ സ്ഥിരം അപകട മേഖലയായ ഹൈലൈറ്റ് മാളിന് മുന്നിൽ പാലാഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് പലപ്പോഴും നിയമലംഘനം നടത്തുന്നത്. ഈ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്ക് പോകാൻ ഒരുകിലോമീറ്ററോളം അധികം കറങ്ങി തിരിയണം. ഇതൊഴിവാക്കാൻ പലരും പാലത്തിന് അടിയിലൂടെ ഡിവൈഡർ മാറ്റി മറുപുറം കടക്കുകയാണ്. ഇങ്ങനെ പാലം കടന്നുവരുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്ന സ്ഥിതിയാണ്.
മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ബൈപാസിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഒറ്റവരിയിലൂടെ പോകേണ്ടതിനു പകരം ഡിവൈഡർ മറികടന്ന് പോകുന്നതും കൂടിവരികയാണ്. മലാപ്പറമ്പ് ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ലെഫ്റ്റ് ഫ്രീയിലൂടെ കടന്നുവരുമ്പോൾ മുണ്ടിക്കൽതാഴം ഭാഗത്തുനിന്ന് ഡിവൈഡർ മറികടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായിരുന്നു. രാവിലെയും വെെകിട്ടുമാണ് നിയമ ലംഘനങ്ങൾ കൂടുതലും നടക്കുന്നത്.
ഡ്രൈവറുടെ ലൈസൻസ് കട്ടാകും
ട്രാഫിക് നിയമം തെറ്രിച്ചാൽ 1000 രൂപയോളം പിഴ ചുമത്താവുന്ന കുറ്റമാണ്. ആറ് മാസത്തിൽ കുറയാത്ത തടവോ ആയിരം രൂപയിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഇത്തരം നിയമ ലംഘനത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും നിയമം ശുപാർശ ചെയ്യുന്നു. ദിവസേന അമ്പതോളം നിയമലംഘനങ്ങളാണ് പിടിക്കപ്പെടുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
''പരാതികൾക്കനുസരിച്ച് പരിശോധനകൾ തുടർന്നു വരികയാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും'- സി.എസ് .സന്തോഷ് കുമാർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |