മുൾട്ടാൻ : ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആദ്യ ഇന്നിംഗ്സിൽ 500 റൺസിലേറെ നേടിയ ടീം ഇന്നിംഗ്സ് തോൽവി വഴങ്ങിതിന് സാക്ഷിയായി മുൾട്ടാൻ ക്രിക്കറ്റ് സ്‌റ്റേഡിയം. ഇവിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 556 റൺസ് നേടിയ ആതിഥേയരായ പാകിസ്ഥാൻ മത്സരത്തിൽ ഇന്നിംഗ്സിനും 47 റൺസിനുമാണ് തോറ്റത്. സമീപകാലത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറുകളിലൊന്നായ 823/7ന് ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത ഇംഗ്ളണ്ട് അഞ്ചാം ദിവസമായ ഇന്നലെ ലഞ്ചിന് മുമ്പ് പാകിസ്ഥാനെ രണ്ടാം ഇന്നിംഗ്സിൽ 220 റൺസിന് ആൾഔട്ടാക്കിയതോടെയാണ് സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ കളിയുടെ വിധി മാറിയത്.
അബ്ദുള്ള ഷഫീഖ് (102), ക്യാപ്ടൻ ഷാൻ മസൂദ് (151), ആഗ സൽമാൻ(104) എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 556 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് പക്ഷേ അതിലേറെ വാശിയോടെ ബാറ്റുവീശി. ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ സെഞ്ച്വറിയും (322 പന്തിൽ 317 റൺസ് ) ജോ റൂട്ടിന്റെ ഡബിൾ സെഞ്ച്വറിയും (375 പന്തുകളിൽ 262) ചേർന്നാണ് 823/7 ലെത്തിച്ചത്. 268 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാനെ നാലുവിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഗസ് അറ്റ്കിൻസണും ബ്രൈഡൻ കാർസും ചേർന്നാണ് 220ൽ ആൾഔട്ടാക്കിയത്. ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് സൃഷ്ടിച്ച 454 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടാണ് പാകിസ്ഥാന്റെ പതനത്തിന് കാരണമായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ആകെ കണക്കിൽ നാലാമത്തെയും മികച്ച കൂട്ടുകെട്ടാണിത്. ബ്രൂക്ക് ആണ് പ്ളേയർ ഒഫ് ദ മാച്ച്.
ഈ വിജയത്തോടെ ഇംഗ്ളണ്ട് മൂന്ന് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ലോകചാമ്പ്യൻഷിപ്പ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് പാകിസ്ഥാൻ. ഈമാസം 15മുതൽ ഇതേ വേദിയിലാണ് അടുത്ത മത്സരം.
ക്യാപ്ടൻ ഷാന്‍ മസൂദിന് കീഴിൽ തുടർച്ചയായി പാകിസ്ഥാൻ തോൽക്കുന്ന ആറാമത്തെ ടെസ്റ്റാണിത്. ഓസ്‌ട്രേലിയയോട് 3-0ത്തിനും ബംഗ്ലാദേശിനോട് 2-0ത്തിനും ഇതിന് മുമ്പ് പരമ്പര തോറ്റിരുന്നു.
2022 ന് ശേഷം സ്വന്തം ഗ്രൗണ്ടിൽ ഒരു ടെസ്റ്റിലും വിജയിക്കാത്ത ഒരേയൊരു രാജ്യമാണ് പാകിസ്ഥാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |