ബെയ്റൂട്ട്: ലെബനനിൽ മദ്ധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് വാഫിക് സഫയ്ക്ക് ഗുരുതര പരിക്ക്. ഇയാളെ ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സാധാരണക്കാരാണെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മികാത്തി പറഞ്ഞു. ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
ഒരു വർഷത്തിനിടെ ലെബനനിലുണ്ടായ ഏറ്റവും വലിയ ഇസ്രയേൽ വ്യോമാക്രമണങ്ങളിലൊന്നായിരുന്നു ഇത്. ഇതിനിടെ തെക്കൻ ലെബനനിൽ യു.എന്നിന്റെ രണ്ട് ദൗത്യസേനാംഗങ്ങൾക്ക് കൂടി ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം യു.എൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇറ്റലിയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു.
അതേ സമയം, വടക്കൻ ഇസ്രയേലിന് നേരെയുണ്ടായ ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ തായ്‌ലൻഡ് സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു വിദേശ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഗാസയിൽ 24 മണിക്കൂറിനിടെ 61 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആകെ മരണം 42,120 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |