ധാക്ക: ബംഗ്ലാദേശിലെ സത്ഖിര ജില്ലയിലുള്ള ജെശോരേശ്വരി ക്ഷേത്രത്തിലെ കാളീദേവിയുടെ പ്രതിഷ്ഠയിലെ കിരീടം മോഷ്ടിക്കപ്പെട്ടു. 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ച സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കിരീടമാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലായിരുന്നു മോഷണം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വരികയാണ്. പൂജാരി മടങ്ങിയതിന് പിന്നാലെയാണ് കിരീടം മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്നു. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കിരീടം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ അന്വേഷണം ഊർജ്ജിതമാക്കണമെന്നും എത്രയും വേഗം കിരീടം കണ്ടെത്തണമെന്നും ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 51 ശക്തി പീഠങ്ങളിലൊന്നാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ജെശോരേശ്വരി ക്ഷേത്രം. അതിനാൽ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്കിടെയിൽ ഏറെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |