കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന. തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘടന.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗകളെ ബാധിക്കാത്ത രീതിയിലായിരിക്കും പണിമുടക്ക് ക്രമീകരിക്കുക. മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായിട്ടാണ് പണിമുടക്ക്. ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടണമെന്നാണ് സ്വകാര്യ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍.ജി.കര്‍ ആശുപത്രിയിലെ 31 വയസ്സുള്ള പിജി ഡോക്ടര്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി സഞ്ജയ് റോയ് പിടിയിലായി. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നും, ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഒരുവേള ചര്‍ച്ചകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ സമരം ഒത്തുതീര്‍്പ്പാക്കിയെങ്കിലും പിന്നീട് വീണ്ടും ആരംഭിക്കുകയായിരുന്നു.
അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരം ആരംഭിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇരുന്നൂറോളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതീകാത്മകമായി രാജിവച്ചു. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നുള്ള ഡോക്ടര്‍മാരുടെ കൂട്ടരാജി സേവന ചട്ടങ്ങള്‍ അനുസരിച്ചല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |