ലഖ്‌നൗ: മകളെ കൊല്ലാൻ ഗുണ്ടയ്ക്ക് പണം നൽകി അമ്മ. എന്നാൽ കൊല്ലേണ്ടത് തന്റെ കാമുകിയെയാണെന്ന് തിരിച്ചറിഞ്ഞതോടെ ക്വട്ടേഷൻ ഏൽപ്പിച്ച സ്ത്രീയെ സുഭാഷ് സിംഗ് (38) എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ജസ്രത്പുർ സ്വദേശിയായ അൽകാ ദേവിയാണ് (42) കൊല്ലപ്പെട്ടത്.
ഈ മാസം ആറിനാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 50,000 രൂപ നൽകിയാണ് അൽകാ ദേവി സുഭാഷ് സിംഗ് എന്ന വാടക കൊലയാളിക്ക് ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാൾ മകളുടെ കാമുകനാണെന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു. ഒക്ടോബർ അഞ്ചിന് സ്ത്രീ ഒരു കേസുമായി ബന്ധപ്പെട്ട് ഏറ്റയിലേക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും അൽക വീട്ടിലേക്ക് മടങ്ങിവന്നിരുന്നില്ല. ഭർത്താവ് രമാകാന്ത് പലതവണയായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
അൽക പോകാൻ സാദ്ധ്യതയുളള പല സ്ഥലങ്ങളിൽ ഭർത്താവ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തൊട്ടടുത്ത ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലേഷ്, അങ്കിത് എന്നിവർക്കെതിരെ അൽകയുടെ ഭർത്താവ് കേസ് നൽകുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് അൽകയുടെ മകളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നിലുളളവരാണ് യുവാക്കൾ. ഭാര്യയുടെ കൊലപാതകത്തിന് പിന്നിൽ യുവാക്കളാണെന്ന് സംശയിച്ചാണ് രമാകാന്ത് പരാതി നൽകിയത്.
ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. മകളെ തട്ടിക്കൊണ്ട് പോയ നാണക്കേട് ഒഴിവാക്കാൻ അൽകാ ദേവി പെൺകുട്ടിയെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. അവിടെ വച്ചാണ് പെൺകുട്ടി സുഭാഷുമായി അടുപ്പത്തിലായത്.പത്ത് വർഷത്തോളം ജയിലിൽ കിടന്ന പ്രതിയാണ് സുഭാഷ്. രാത്രി സമയങ്ങളിലുളള മകളുടെ ഫോൺ സംസാരങ്ങൾ കണ്ട് ദേഷ്യപ്പെട്ടാണ് അൽകാ ദേവി മകളെ കൊല്ലാനായി ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്.
മകളെ കൊല്ലാനായി സുഭാഷിന് സെപ്റ്റംബർ 27നാണ് ക്വട്ടേഷൻ നൽകിയത്. മകളുടെ ചിത്രവും കൂടുതൽ വിവരങ്ങൾ നൽകിയതോടെയാണ് തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷൻ ലഭിച്ചതെന്ന കാര്യം സുഭാഷ് തിരിച്ചറിയുന്നത്. ഈ വിവരം പ്രതി പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ തന്റെ അമ്മയെ കൊന്നാൽ വിവാഹത്തിന് സമ്മതിക്കാമെന്ന് പെൺകുട്ടി പ്രതിക്ക് വാക്ക് നൽകുകയായിരുന്നു. അങ്ങനെയാണ് സുഭാഷ് ക്വട്ടേഷൻ നൽകിയ അൽകാ ദേവിയെ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെയും സുഭാഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |